ആലപ്പുഴ: സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളും സ്ത്രീധനപീഡനങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ കുടുംബശ്രീയുടെ വിജിലന്റ് ഗ്രൂപ്പുകൾ സക്രിയമാവുന്നു. സ്ത്രീകൾക്കെതിരേയുള്ള അതിക്രമം തടയാനും അവർക്കു തുണയാകാനുമാണ് വിജിലന്റ് ഗ്രൂപ്പുകൾ രൂപവത്‌കരിച്ചത്. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ അടിസ്ഥാനമാക്കിയാണ് വിജിലന്റ് ഗ്രൂപ്പുകളുടെ പ്രവർത്തനം. ഇത്തരം 19,136 ഗ്രൂപ്പുകൾ സംസ്ഥാനത്തുണ്ടെങ്കിലും പലർക്കും അറിഞ്ഞുകൂടാ.

വാർഡംഗം, സി.ഡി.എസ്. അംഗം, പൊതുപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവരും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താത്പര്യമുള്ളവരും അടങ്ങുന്നതാണ് ഗ്രൂപ്പ്.

ഒരോ വാർഡിലും അഞ്ചുപത്തു പേർ സംഘത്തിലുണ്ടാകും. അതിക്രമങ്ങളോ ചൂഷണങ്ങളോ നേരിടുന്ന അയൽവാസികളോ സുഹൃത്തുക്കളോ ഉണ്ടെന്നറിഞ്ഞാൽ ഈ ഗ്രൂപ്പുകൾക്കു വിവരം കൈമാറാം. വാർഡംഗത്തെയോ കുടുംബശ്രീ സി.ഡി.എസ്., എ.ഡി.എസ്. അംഗങ്ങളെയോ അറിയിച്ചാൽ മതി.

ഇവർ നേരിട്ടന്വേഷിച്ചു പരിഹാരമാർഗങ്ങൾ തേടും. പോലീസിൽ അറിയിക്കേണ്ടതുണ്ടെങ്കിൽ അതു ചെയ്യും. തുടർ സഹായങ്ങളുമുണ്ടാകും. ഇത്തരം പ്രശ്നങ്ങളുണ്ടാകാതിരിക്കാനുള്ള പ്രചാരണവും നടത്തും.