തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് മേഖലാജാഥകൾ നടത്താൻ ഇടതുമുന്നണിയോഗം തീരുമാനിച്ചു. വടക്കൻമേഖലാജാഥ ഫെബ്രുവരി 13-ന് കാസർകോട്ടുനിന്നും തെക്കൻമേഖലാ ജാഥ 14-ന് എറണാകുളത്തുനിന്നും തുടങ്ങും. എല്ലാ നിയമസഭാമണ്ഡലങ്ങളിലും പര്യടനംനടത്തുന്ന രീതിയിലാണ് ജാഥകളുടെ ക്രമീകരണം. രണ്ടുജാഥയും 26-ന് സമാപിക്കും. വടക്കൻജാഥ തൃശ്ശൂരിലും തെക്കൻജാഥ തിരുവനന്തപുരത്തും.
വടക്കൻജാഥ സി.പി.എമ്മും തെക്കൻജാഥ സി.പി.ഐ.യുമാണ് നയിക്കുക. ജാഥാക്യാപ്റ്റനെ അതത് പാർട്ടികൾ നിശ്ചയിക്കുമെന്ന് എൽ.ഡി.എഫ്. കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. സി.പി.എമ്മിൽനിന്ന് സംസ്ഥാന സെക്രട്ടറി വിജയരാഘവനും സി.പി.ഐ.യിൽനിന്ന് ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി.യുമായിരിക്കും ജാഥ നയിക്കുക. ജാഥയുടെ പേരും മുദ്രാവാക്യവും നിശ്ചയിച്ചിട്ടില്ല.
ജാഥയുടെ പ്രചാരണത്തിന് ബൂത്തുതലം വരെയുള്ള പ്രചാരണപരിപാടികൾ എൽ.ഡി.എഫ്. ആസൂത്രണംചെയ്തു. വ്യാഴം, വെള്ളി ദിവസങ്ങളിലായി എൽ.ഡി.എഫ്. ജില്ലാ കമ്മിറ്റികൾ യോഗംചേരും. 30, 31 തീയതികളിൽ മണ്ഡലം കമ്മിറ്റികളും ഫെബ്രുവരി ഒന്നുമുതൽ അഞ്ചുവരെയുള്ള ദിവസങ്ങളിലായി പഞ്ചായത്ത്-ബൂത്തുതല കമ്മിറ്റികളും യോഗംചേരും.
മൂന്നുദിവസം ബൂത്തുതലത്തിൽ ഓരോ വീട്ടിലും നേരിട്ടെത്തി പ്രവർത്തകർ ജാഥയുടെ വിവരങ്ങൾ കൈമാറും. ഒരുദിവസത്തെ ബൂത്തുതലത്തിൽത്തന്നെ വിളംബരപരിപാടിയും നടത്തും. സാമൂഹിക-സാംസ്കാരിക രംഗത്തുള്ളവരെ സ്വീകരണകേന്ദ്രങ്ങളിൽ പങ്കെടുപ്പിക്കണമെന്ന നിർദേശവും എൽ.ഡി.എഫ്. നൽകിയിട്ടുണ്ട്.