കോഴിക്കോട്: കോൺഗ്രസ് നേതാക്കൾ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് തിരഞ്ഞെടുപ്പ് മേൽനോട്ടസമിതി ചെയർമാൻ ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ എന്നിവർ സമസ്തയുടെ കോഴിക്കോട്ടെ ഓഫീസിലെത്തിയാണ് ജിഫ്‌രി തങ്ങളെ കണ്ടത്.
സൗഹൃദസന്ദർശനമാണെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഉമ്മൻചാണ്ടി പറഞ്ഞു. സമസ്തയുമായി കോൺഗ്രസിന് എന്നും നല്ല ബന്ധമാണ്. ജിഫ്‌രി തങ്ങളുടെ ഉപദേശനിർദേശങ്ങൾ നേരത്തേയും തേടിയിരുന്നു. എല്ലാ സാമുദായിക സംഘടനകളുമായും യു.ഡി.എഫിന് നല്ല ബന്ധമാണ്. അത് തുടരുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
തിരഞ്ഞെടുപ്പുകാലത്ത് എല്ലാ നേതാക്കളെയും കാണുന്നതിന്റെ ഭാഗമായാണ് കോൺഗ്രസ് നേതാക്കൾ എത്തിയതെന്ന് ജിഫ്‌രി തങ്ങൾ പറഞ്ഞു. നേതാക്കൾക്കുമുന്നിൽ നിർദേശങ്ങളൊന്നും വെച്ചിട്ടില്ല. സൗഹൃദസംഭാഷണം മാത്രമേ നടന്നുള്ളൂവെന്നും തങ്ങൾ പ്രതികരിച്ചു.
സമസ്ത മുശാവറ അംഗം കെ. ഉമർ ഫൈസി മുക്കം, എസ്.വൈ.എസ്. ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി എന്നിവരും കൂടെയുണ്ടായിരുന്നു.