തിരുവനന്തപുരം: പാല സീറ്റ് ആർക്കെന്ന തർക്കം എൻ.സി.പി.യെ പിളർപ്പിന്റെ വക്കിൽ നിലനിർത്തുമ്പോഴും ഇടതുമുന്നണിയോഗത്തിൽ അത്തരം കാര്യങ്ങളൊന്നും ചർച്ചയ്ക്കു വന്നില്ല.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നണി ഒരുങ്ങേണ്ടതിനെക്കുറിച്ചായിരുന്നു ചർച്ച കേന്ദ്രീകരിച്ചത്. ഇതിന് ജാഥ നടത്തണമെന്ന നിർദേശം കോടിയേരി ബാലകൃഷ്ണൻ മുന്നോട്ടുവെക്കുകയും ചെയ്തു. അതിനു മുമ്പായി സീറ്റ് ചർച്ചവേണ്ടേയെന്ന് എൻ.സി.പി. സംസ്ഥാനപ്രസിഡന്റ് ടി.പി. പീതാംബരൻ ഉന്നയിച്ചെങ്കിലും ഇപ്പോൾ വേണ്ടെന്ന മുഖ്യമന്ത്രിയുടെ മറുപടിയിൽ അതൊടുങ്ങി.
സീറ്റുചർച്ചയോ ഉഭയകക്ഷിയോ എൽ.ഡി.എഫ്. യോഗത്തിൽ ഒരു വിഷയമായി ഉയരാതിരിക്കാനുള്ള ജാഗ്രത സി.പി.എം. പുലർത്തിയിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ജാഥ എന്നത് മുന്നണി എല്ലാകാലത്തും സ്വീകരിക്കുന്ന പ്രചാരണരീതിയാണെന്ന് കോടിയേരി പറഞ്ഞു. ഇത്തവണയും അതിൽ മാറ്റം വരുത്തേണ്ടാ. ജാഥയോടെ തിരഞ്ഞെടുപ്പിന്റെ പ്രചാരണം തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ജാഥയ്ക്കു മുമ്പുതന്നെ സീറ്റുകളുടെ കാര്യത്തിൽ ഒരു ധാരണയുണ്ടാക്കണമെന്നായിരുന്നു എൻ.സി.പി.യുടെ നിർദേശം. ലോക് താന്ത്രിക് ജനതാദൾ, ജനാധിപത്യ കേരള കോൺഗ്രസ് എന്നീ പാർട്ടികളും ഇതിനോട് യോജിച്ചെങ്കിലും മുഖ്യമന്ത്രി ആ നിർദേശം തള്ളി. സീറ്റുസംബന്ധിച്ച് എപ്പോൾ വേണമെങ്കിലും ചർച്ച നടത്താമല്ലോ. ജാഥയും സീറ്റുചർച്ചയും തമ്മിൽ ബന്ധപ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജാഥയ്ക്കിടയിലും നേതാക്കൾ തമ്മിൽ ആശയവിനിമയം നടത്തുന്നതിന് തടസ്സമില്ലല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ എൻ.സി.പി. അടക്കമുള്ള ഒരുകക്ഷിയും മറ്റുകാര്യങ്ങൾ ഉന്നയിച്ചില്ല.
ഒരുദിവസം അഞ്ചുമണ്ഡലം എന്ന നിലയിലാണ് ഇടതുമുന്നണിയുടെ ജാഥ പ്രചാരണം നടത്തുക. വിജയരാഘവൻ നടത്തുന്ന വടക്കൻമേഖലാ ജാഥ എട്ടുജില്ലകളിലും ബിനോയ് വിശ്വം നയിക്കുന്ന തെക്കൻമേഖലാ ജാഥ ആറുജില്ലകളിലുമാണ് പര്യടനം നടത്തുക. ആരാണ് ജാഥ നയിക്കുന്നതെന്നതു സംബന്ധിച്ച് മുന്നണിയോഗത്തിൽ സി.പി.എമ്മും സി.പി.ഐ.യും വെളിപ്പെടുത്തിയില്ല.
ജാഥയിലെ പ്രതിനിധികളെ അതത് പാർട്ടികൾ നിശ്ചയിക്കണമെന്നതാണ് തീരുമാനിച്ചത്. വ്യാഴാഴ്ചയ്ക്കകം ജാഥയ്ക്ക് പേര് നിർദേശിക്കാൻ എല്ലാകക്ഷികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുജാഥകളും മുഖ്യമന്ത്രിയായിരിക്കും ഉദ്ഘാടനം ചെയ്യുക. അതുകൊണ്ടാണ് രണ്ടുദിവസമായി ജാഥയുടെ തുടക്കം ക്രമീകരിച്ചത്.
സി.പി.എമ്മിന്റെയും സി.പി.ഐ.യുടെയും നേതൃയോഗങ്ങൾക്കു ശേഷമായിരിക്കും സീറ്റുചർച്ചകൾ തുടങ്ങുക.