തൃശ്ശൂർ: വ്യത്യസ്തമായൊരു ജൂബിലി ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ് പുറനാട്ടുകരയിലെ അമ്പൂക്കൻ കുടുംബത്തിലെ എട്ടു സോദരർ. തൃശ്ശൂർ അതിരൂപതയിലെ മതഭേദമെന്യേ നിർധനരായ 25 പെൺകുട്ടികൾക്ക് ഒരു ലക്ഷം രൂപ വീതം വിവാഹധനസഹായം നൽകി സന്ന്യസ്തരായ സഹോദരങ്ങളുടെ ജൂബിലി ആഘോഷം ധന്യമാക്കാനാണ് കുടുംബകൂട്ടായ്മയുടെ തീരുമാനം. തൃശ്ശൂർ ഡോളേഴ്സ് ബസിലിക്ക ചാരിറ്റി ട്രസ്റ്റിനാണ് ആനുകൂല്യത്തിന് അർഹരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള ചുമതല. ധനസഹായച്ചെലവ് വഹിക്കുന്നതാകട്ടെ ഇവരിലെ വിവാഹിതരായ നാലുപേർ ചേർന്നാണ്.

അമ്പൂക്കൻ ഇട്ടി മാത്യു-അന്നു ദമ്പതിമാരുടെ എട്ടു മക്കളിൽ ഒരാൾ െവെദികനും മൂന്നുപേർ കന്യാസ്ത്രീകളുമാണ്. ഇവരിൽ ഏറ്റവും മൂത്ത സിസ്റ്റർ സുഗുണയുടെ സന്ന്യാസവ്രത സ്വീകരണത്തിെൻറ സുവർണജൂബിലി, ഏക സഹോദരനും തൃശ്ശൂർ വ്യാകുലമാതാവിൻ ബസിലിക്ക റെക്ടറുമായ ഫാ. നോബിയുടെ പൗരോഹിത്യസ്വീകരണത്തിെന്റ റൂബി ജൂബിലി (നാൽപതാം വർഷം) ആഘോഷങ്ങളാണ് നടക്കുന്നത്. പുതുക്കാട് സി.എം.സി. മഠാംഗമാണ് സിസ്റ്റർ സുഗുണ. സിസ്റ്റർ ലിൻസി (ഹോളി ഫാമിലി കോൺവെന്റ്, പൊള്ളാച്ചി), സിസ്റ്റർ റോസ് ലി (എസ്.എ.എൽ. കോൺഗ്രിഗേഷൻ, റോം) എന്നിവരാണ് ഇവരിലെ മറ്റ് സന്ന്യസ്തർ. സിസ്റ്റർ റോസ് ലിയുെട സന്ന്യാസജീവിതത്തിന്റെ 49-ഉം സിസ്റ്റർ ലിൻസിയുടെ 48-ഉം വാർഷികാഘോഷവും ഇതോടൊപ്പം നടക്കും.

വെള്ളാറ്റഞ്ഞൂർ കുറ്റിക്കാട്ട് മേരി അഗസ്റ്റിൻ, പാവറട്ടി തരകൻ അൽഫോൻസ െസെമൺ, പുറനാട്ടുകര ചാലയ്ക്കൽ സെലിൻ റാഫി, ഏങ്ങണ്ടിയൂർ പുറത്തൂർ കിട്ടൺ ജെസ് സാബിനസ് എന്നിവരാണ് മറ്റു സഹോദരിമാർ.

മേയ് മൂന്നിന് പുറനാട്ടുകര സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനാവും.തൃശ്ശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സഹായധനം വിതരണം ചെയ്യും.