കൊച്ചി: പോലീസിലെ ഒട്ടേറെ ഉന്നതോദ്യോഗസ്ഥർക്കും രാഷ്ട്രീയപ്പാർട്ടികളിലെ ഉന്നത നേതാക്കൾക്കും സിനിമാ താരങ്ങൾക്കുമെല്ലാം മോൻസണുമായി വളരെ അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതിസമ്പന്നരുമുണ്ട് സൗഹൃദപ്പട്ടികയിൽ. ഹോളിസ്റ്റിക് മെഡിസിനിൽ ഡോക്ടറേറ്റുണ്ട് എന്നും ഇയാൾ പ്രചരിപ്പിച്ചിരുന്നു. ഒട്ടേറെ മൊബൈൽ നമ്പറുകൾ ഉപയോഗിക്കുമായിരുന്നു.

മോൻസൺ മാവുങ്കലിന്റെ വീടിനകത്ത് പലയിടത്തും ക്യാമറകളുണ്ട്. വീടിനകത്ത് കയറിയാൽ അംഗരക്ഷകരെയും നായ്ക്കളെയും മറികടന്ന് പുറത്തിറങ്ങാൻ എളുപ്പമല്ല. സമൂഹത്തിൽ വളരെ ഉന്നതസ്ഥാനത്തുള്ള പലർക്കുമൊപ്പം മോൻസൺ അടുപ്പത്തോടെ നിൽക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം പുറത്തുവന്നിട്ടുണ്ട്.

മോൻസന്റെ തട്ടിപ്പിൽ വീണ് പണം നഷ്ടമായിട്ടും പലരും പരാതിനൽകാൻ തയ്യാറായിരുന്നില്ല. കണക്കിൽപ്പെടാത്ത പണമാണ് നൽകിയത്‌ എന്നതിനാലാണ് പരാതിപ്പെടാൻ മടിച്ചിരുന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.

ചേർത്തലയിൽ സ്വന്തം നാട്ടിലെ പള്ളിയിൽ പെരുന്നാളിന് മെഗാ ഷോ നടത്തിയിരുന്നു. ചലച്ചിത്രതാരങ്ങളുടെ നൃത്തവും ഗാനമേളയുമൊക്കെ ഉണ്ടായിരുന്നു അന്ന്. ചേർത്തലയിൽ ‘കോസ്മോസ് ഗ്രൂപ്പ്’ എന്ന പേരിൽ മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനമാണ് മോൻസൺ ആദ്യം നടത്തിയിരുന്നത്. ഇതിൽനിന്ന് പുരാവസ്തു വിൽപ്പനയിലേക്ക് മാറിയതെങ്ങനെ എന്ന് നാട്ടുകാർക്ക് അറിയില്ല.

പ്രവാസി മലയാളികൾ വാഗമണിൽ കഴിഞ്ഞമാസം നടത്തിയ പരിപാടിയിൽ മോൻസണെ ക്ഷണിച്ചിരുന്നു. ഈ പരിപാടിക്ക് 50 ലക്ഷം രൂപ സംഭാവന നൽകിയത് പ്രവാസികളെത്തന്നെ ഞെട്ടിച്ചിരുന്നു.