ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പങ്കാളിത്ത പെൻഷൻ പദ്ധതി തുടങ്ങാനുള്ള തീരുമാനം നടപ്പായില്ല. ജീവനക്കാരുടെ വിഹിതം പിടിക്കുകയോ ബോർഡിന്റെ വിഹിതവും നീക്കിവെക്കുകയോ ചെയ്തില്ല. ഇതുകാരണം 2013 മുതൽ നിയമനം കിട്ടിയ എണ്ണൂറോളം പേരുടെ പെൻഷൻ അനിശ്ചിതത്വത്തിലാണ്.

ദേശീയ പെൻഷൻ പദ്ധതിയുടെ ചുവടുപിടിച്ച് 2016-ലാണു പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കാൻ ബോർഡ് തീരുമാനിച്ചത്. 2017 മാർച്ച് ഏഴിന് ഉത്തരവും പുറത്തിറങ്ങി.

പദ്ധതി നടത്തിപ്പിനായി ദേവസ്വം കമ്മിഷണർ ചെയർമാനായും ലോ ഓഫീസർ, ഫിനാൻസ് ഓഫീസർ എന്നിവർ അംഗങ്ങളായും കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. എന്നാൽ, പെൻഷൻ പദ്ധതി 2016-നുപകരം സർക്കാർ മാനദണ്ഡം കൂടി കണക്കിലെടുത്ത് 2013 ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കുന്നതിന് ബോർഡ് തീരുമാനിച്ചു. ഇതനുസരിച്ചു നിയമാവലി തയ്യാറാക്കാൻ കമ്മിറ്റിക്ക് 2018-ൽ നിർദേശം നൽകിയെങ്കിലും ഒന്നും നടന്നില്ല.

ഇനി പദ്ധതി മുന്നോട്ടു കൊണ്ടുപോകണമെങ്കിൽത്തന്നെ ജീവനക്കാരുടെ പക്കൽനിന്ന്‌ 2013 മുതലുള്ള വിഹിതം പിടിച്ചെടുക്കണം. മാത്രമല്ല ബോർഡിന്റെ വിഹിതം ഇതിനൊപ്പം നിക്ഷേപിക്കുകയും ചെയ്യണം. കോടിക്കണക്കിനു രൂപ ഇതിനായി വേണ്ടിവരും. കടുത്ത സാമ്പത്തിക ബാധ്യതയിലായ ബോർഡിന് ഇതു ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്. അതുകൊണ്ടുതന്ന ഇത് 800-ഓളം പേരുടെ പെൻഷനിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്.

പുതുതായി നിയനം കിട്ടിയ ശാന്തി, ക്ലാർക്ക്, വാച്ചർ, ഗാർഡ്, അസിസ്റ്റന്റ് എൻജിനിയർ എന്നീ തസ്തികയിൽ കയറിയവരും ആശ്രിത നിയമനം കിട്ടിയവരുമാണ് ബോർഡിന്റെ അനാസ്ഥയ്ക്ക് ഇരയായിരിക്കുന്നത്. പെൻഷൻ വിഷയത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് അംഗീകൃത സംഘടനയായ ദേവസ്വം എപ്ലോയീസ് ഫ്രണ്ട്.