പത്തനംതിട്ട: സംഘടനാ പ്രവർത്തനത്തിൽ സജീവമല്ലാത്തതിന് പത്തനംതിട്ട ജില്ലയിലെ 15 യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ പുറത്താക്കി. സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ പങ്കെടുത്ത നേതൃയോഗത്തിലാണ് തീരുമാനം. ഒന്നരവർഷത്തെ പ്രവർത്തനം വിലയിരുത്തിയാണിത്. ഡി.സി.സി. ഒാഫീസിൽചേർന്ന പത്തനംതിട്ട ജില്ലയിലെ നേതൃയോഗത്തിൽ മണ്ഡലം കമ്മിറ്റികളോട് റിപ്പോർട്ട് തേടിയിരുന്നു.

എഴുമറ്റൂർ, അങ്ങാടി, വെച്ചൂച്ചിറ, അയിരൂർ, ഏറത്ത്, കടമ്പനാട്, എഴംകുളം, പെരിങ്ങര, മൈലപ്ര, തണ്ണിത്തോട്, ചിറ്റാർ തുടങ്ങിയ പ്രദേശങ്ങളിലെ മണ്ഡലം പ്രസിഡന്റുമാർക്കെതിരേയാണ് നടപടി. സംഘടനാ പ്രവർത്തനങ്ങളിലെ വീഴ്ചയ്ക്കുപുറമേ, തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സജീവമല്ലാത്തവരെയും നീക്കംചെയ്യുന്നുണ്ട്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ കഴിയാതിരുന്നവരിൽ ചിലർ, പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതായും യോഗത്തിൽ വിമർശനം ഉയർന്നു.