മലപ്പുറം: അസമിൽ ദരംഗ് ജില്ലയിലെ ധോൽപൂരിൽ നിരാലംബരായ മനുഷ്യർക്കുനേരെ ഭൂമി ഒഴിപ്പിക്കലിന്റെ പേരിൽ ഭരണകൂടം നടത്തിയ അക്രമ നടപടികളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് എം.പി.മാർ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കത്തയച്ചു. പാർലിമെന്ററി പാർട്ടി ലീഡർ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, കെ. നവാസ് കനി എന്നിവരാണ് കത്തയച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ അരുൺ മിശ്ര എന്നിവർക്കും കത്തയച്ചിട്ടുണ്ട്.

കുടിയൊഴിപ്പിക്കലിന്റെ പേരിൽ നടപ്പാക്കുന്നത് നരനായാട്ടും കൂട്ടക്കൊലയുമാണെന്ന് എം.പിമാർ കത്തിൽ ചൂണ്ടിക്കാട്ടി. ഇത് ഞെട്ടിപ്പിക്കുന്നതും രാജ്യത്തിന് അപമാനകരവുമാണ്. മൂന്നുപേരെ വെടിവെച്ച് കൊന്നതു മാത്രമല്ല, മൃതദേഹങ്ങളോടുപോലും അനാദരവ് കാണിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. മൃതശരീരങ്ങൾക്കുമേൽ നൃത്തം ചവിട്ടുന്ന ജില്ലാ ഭരണകൂടത്തിന്റെ ഫോട്ടോഗ്രാഫർ ബിജോയ് ശങ്കർ ബനിയയും കൂട്ടുനിൽക്കുന്ന പോലീസും സംഭവത്തിന്റെ ഭയാനകത വിളിച്ചോതുന്നു. ഒരു ജീവിയോടും ചെയ്യാൻ പാടില്ലാത്ത ക്രൂരതയാണിത്.

പതിറ്റാണ്ടുകളായി അധിവസിക്കുന്ന ഭൂമിയിൽനിന്നു പാവങ്ങളെ തോക്കുകൾകൊണ്ടു തുടച്ചുനീക്കുന്ന ഭരണകൂടവും മൃതദേഹത്തിൽ നൃത്തം ചവിട്ടുന്ന മാനസികാവസ്ഥയും ലോകത്തിനുമുമ്പിൽ രാജ്യത്തിന്റെ മുഖം വികൃതമാക്കുന്നതാണ്. ബംഗാളി വംശജരായ എണ്ണൂറോളം മുസ്‌ലിങ്ങൾ പതിറ്റാണ്ടുകളായി അധിവസിക്കുന്ന മേഖലയിൽ ഒരു നഷ്ടപരിഹാരവും നൽകാതെ ഒഴിഞ്ഞുപോകാൻ ആജ്ഞാപിച്ച് തോക്കുകൾകൊണ്ട് സംസാരിക്കുന്നവർ പരത്തുന്ന വംശീയത നാനാത്വത്തിൽ ഏകത്വം മുറുകെപിടിക്കുന്ന ഇന്ത്യാ മഹാരാജ്യത്തിനു ഭൂഷണമല്ല.

മുഖ്യമന്ത്രി ഹിമന്ത് ബിശ്വാസ് ശർമയുടെ ആജ്ഞപ്രകാരം നടക്കുന്ന കൊടിയ പാതകം അവസാനിപ്പിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്നും കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കു നേതൃത്വം നൽകിയ പോലീസുകാരെ നിയമത്തിനു മുമ്പിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഇരകൾക്ക് നീതി ലഭിക്കുന്നതിനായി മുസ്‌ലിംലീഗ് സാധ്യമായതെല്ലാം ചെയ്യുമെന്നും എം.പി.മാർ പറഞ്ഞു.