തിരുവനന്തപുരം: സംസ്ഥാന പോലീസ് മുൻമേധാവി കെ.വി. രാജഗോപാലൻ നായർ (83) കവടിയാർ ഭഗവതി ലെയ്‌നിൽ സായിനിധി ബി.എൻ.ആർ.എ. 100-ൽ അന്തരിച്ചു.

കണ്ണൂർ ചെറുകുന്ന് കമ്പിയാൻവളപ്പ് കുടുംബാംഗമാണ്. ഭാര്യ: ഉഷ. മകൾ: കവിത. മരുമകൻ: വിവേക് (സ്റ്റാൻഡേർഡ് ചാർട്ടഡ് ബാങ്ക്, ബെംഗളൂരു).

1962 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായിരുന്നു. 1995 ഏപ്രിൽ 30-ന് ഡി.ജി.പി.യായി. 1996 ജൂൺ 30-ന് വിരമിച്ചു. എ.കെ. ആന്റണി മന്ത്രിസഭയുടെ അവസാനകാലത്തും ഇ.കെ. നായനാർ മന്ത്രിസഭയുടെ ആരംഭകാലത്തുമായാണ് ഡി.ജി.പി.യായി പ്രവർത്തിച്ചത്.

ഹൈക്കോടതി വിധിയെത്തുടർന്നുള്ള ശിവഗിരിയുടെ ഭരണമാറ്റം, വിഴിഞ്ഞത്തെ കലാപം എന്നീ സംഭവങ്ങൾ ഉണ്ടായത് രാജഗോപാലൻ നായർ ഡി.ജി.പി.യായിരുന്ന കാലഘട്ടത്തിലാണ്. ഐ.എസ്.ആർ.ഒ. ചാരക്കേസ് സമയത്ത് ഇന്റലിജൻസ് എ.ഡി.ജി.പി.യായും പിന്നീട് ഇന്റലിജൻസ് മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ പോലീസ് പരിഷ്കരണ കമ്മിറ്റിയിൽ അംഗമായിരുന്നു.