കൊല്ലം : വൻകിട വികസനപദ്ധതികളുടെ പെർമിറ്റിന് ശുപാർശ ചെയ്യാൻ ജില്ലാതല സമിതികൾക്ക് രൂപംകൊടുക്കാൻ സർക്കാർ തീരുമാനം. നിലവിലുള്ള സംസ്ഥാനതല സമിതിയിൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നെന്ന പരാതിയെത്തുടർന്നാണിത്. 2019-ലെ കെട്ടിടനിർമാണച്ചട്ടങ്ങളിൽ ഇതനുസരിച്ച് മാറ്റങ്ങൾ വരുത്തും. നിക്ഷേപങ്ങളും സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനാണ് മാറ്റമെന്ന് തദ്ദേശസ്വയംഭരണവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

ഒരു ഹെക്ടറിൽ കുറയാത്ത ഭൂമിയിലുള്ളതും വസ്തുവിലയടക്കം നൂറുകോടി രൂപയ്ക്കു മുകളിൽ നിക്ഷേപമുള്ളതുമായ പദ്ധതികൾക്ക് പെർമിറ്റ് പുതുക്കുന്നതിനാണിത്. 500 പേരിൽ കുറയാതെ ആളുകൾക്ക് തൊഴിൽനൽകുന്ന സംരംഭങ്ങളായിരിക്കണം. 2019-ലെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിർമാണച്ചട്ടങ്ങൾ പ്രകാരം ഇത്തരം പദ്ധതികൾക്ക് സർക്കാർ രൂപവത്കരിക്കുന്ന സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് അനുമതിനൽകേണ്ടത്. ഇതനുസരിച്ച് 2020-ൽ സംസ്ഥാനതലത്തിൽ തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും ചീഫ് ടൗൺ പ്ലാനർ കൺവീനറുമായ അഞ്ചംഗസമിതി രൂപവത്കരിച്ചിരുന്നു. നഗരകാര്യ ഡയറക്ടർ, ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ ടൗൺ പ്ലാനർ, അതതിടത്തെ തദ്ദേശസ്ഥാപന സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ.

എന്നാൽ ഈ സമിതിയിൽ അപേക്ഷനൽകി പെർമിറ്റ് നീട്ടിക്കിട്ടുന്നതിന് കാലതാമസം വരുന്നതായി കെട്ടിടനിർമാതാക്കളുടെ പരാതികൾ ലഭിച്ചിരുന്നു. പുതുതായി ജില്ലാ ടൗൺ പ്ലാനർ കൺവീനറും ജില്ലാപഞ്ചായത്ത് എക്സിക്യുട്ടീവ് എൻജിനീയറും ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലെ സെക്രട്ടറിയും എൻജിനീയറും അംഗങ്ങളുമായുള്ള ജില്ലാതല സമിതികളാണ് രൂപവത്കരിക്കുക.

ജില്ലാസമിതിക്കുമുൻപാകെ ലഭിക്കുന്ന അപേക്ഷകളിൽ 30 ദിവസത്തിനകം തീരുമാനമെടുക്കണം. നിലവിൽ ചീഫ് ടൗൺ പ്ലാനർ കൺവീനറായ സമിതിക്ക് ലഭിച്ചിട്ടുള്ള അപേക്ഷകൾ ജില്ലാതല സമിതികൾക്ക് തീരുമാനമെടുക്കാനായി കൈമാറണം.

പത്തുവർഷത്തിൽ കൂടുതൽ കാലയളവിലേക്ക് കെട്ടിടനിർമാണ അനുമതി പുതുക്കേണ്ടതോ ദീർഘിപ്പിച്ചു നൽകേണ്ടതോ ആയ കേസുകളിൽ ഈ സമിതിക്കുമുൻപാകെ അപേക്ഷ നൽകണം. പെർമിറ്റ് കാലാവധി കഴിഞ്ഞ് പരമാവധി മൂന്നുവർഷത്തിനകമാണ് അപേക്ഷ നൽകേണ്ടത്. ചീഫ് ടൗൺ പ്ലാനർ കൺവീനറായ സംസ്ഥാനതലസമിതി മറ്റു ചുമതലകൾ തുടരേണ്ടതാണെന്നും നിർദേശിച്ചിട്ടുണ്ട്.