മലപ്പുറം: കൊണ്ടോട്ടിക്കടുത്ത് കൊട്ടൂക്കരയിൽ പട്ടാപ്പകൽ 21-കാരിയെ ക്രൂരമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പത്താംക്ലാസുകാരൻ പോലീസിന്റെ പിടിയിലായി. കൊണ്ടോട്ടി സ്വദേശിതന്നെയായ പതിനഞ്ചുകാരനെയാണ് 24 മണിക്കൂറിനകം പോലീസ് പിടികൂടിയത്. ഇയാൾ കുറ്റം സമ്മതിച്ചതായി മലപ്പുറം ജില്ലാ പോലീസ് ചീഫ് എസ്. സുജിത് ദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45-ഓടെയാണ് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെ വയലിലെ വാഴത്തോട്ടത്തിലേക്ക്‌ വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്. രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയുടെ കഴുത്തിൽ ബലമായി അമർത്തിപ്പിടിക്കുകയും മുഖത്തും തലയിലും കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു. പെൺകുട്ടിക്ക് ദേഹമാസകലം മുറിവേറ്റിട്ടുണ്ട്. അതിക്രൂരമായായിരുന്നു ഉപദ്രവം. കുതറിഓടിയ പെൺകുട്ടി അടുത്തുള്ള വീട്ടിൽക്കയറിയാണ് രക്ഷപ്പെട്ടത്. ഭാഗ്യത്തിനാണ് പെൺകുട്ടി മരണത്തിൽനിന്ന് രക്ഷപ്പെട്ടതെന്ന് എസ്.പി. പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ ചൊവ്വാഴ്ച വീട്ടിലേക്ക് കൊണ്ടുവന്നു.

കുറ്റാരോപിതനായ കുട്ടി നല്ല ആരോഗ്യവാനാണ്. സംഭവസ്ഥലത്തെ തെളിവുകളും സി.സി.ടി.വി. ദൃശ്യങ്ങളും മറ്റുചില വ്യക്തികളുടെ മൊഴികളും വഴിയാണ് ഇയാളിലേക്കെത്തിയത്. താടിയും മീശയുമില്ലാത്ത, വെളുത്ത പ്രകൃതമുള്ളയാളാണ് ആക്രമിച്ചതെന്നും കണ്ടാൽ തിരിച്ചറിയാമെന്നും പെൺകുട്ടി പോലീസിന്‌ മൊഴി നൽകിയിരുന്നു. ഇയാളുടെ ദേഹത്തും മൽപ്പിടിത്തത്തിൽ മുറിവേറ്റിരുന്നു. കഴുത്തിലും ചുണ്ടിലും മുറിവും ദേഹത്ത്‌ ചെളിയും കണ്ട്‌ വീട്ടുകാർ ചോദിച്ചപ്പോൾ നായ കടിക്കാൻ ഓടിച്ചപ്പോൾ പറ്റിയതാണെന്നായിരുന്നു മറുപടി. പെൺകുട്ടിയുടെ വീട്ടിൽനിന്ന് ഒന്നരക്കിലോമീറ്ററോളം അകലെയാണ് സംഭവം നടന്ന സ്ഥലം. ഇത്രയും ദൂരം ഇയാൾ പെൺകുട്ടിയെ പിന്തുടർന്നുവെന്നുവേണം കരുതാനെന്ന് എസ്.പി. പറഞ്ഞു.

ഹാജരാക്കിയത് ജുവനൈൽ കോടതിയിൽ

പ്രായപൂർത്തിയാവാത്തതിനാൽ കുറ്റാരോപിതനായ കുട്ടിയെ ജുവനൈൽ ജസ്റ്റിസ് കോടതിയിലാണ് ഹാജരാക്കിയത്. പിതാവിന്റെ സാന്നിധ്യത്തിലായിരുന്നു ചോദ്യംചെയ്യൽ. ക്രിമിനൽ പശ്ചാത്തലമൊന്നും ഇല്ല. എന്തെങ്കിലും ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. ഓൺലൈൻ പഠനത്തിന്റെ ഭാഗമായി കൂടുതൽ സമയം ഇന്റർനെറ്റ് ഉപയോഗിക്കുന്നത് ഇത്തരം കുറ്റകൃത്യങ്ങൾക്ക്‌ കാരണമായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് എസ്.പി. പറഞ്ഞു. കുട്ടിയെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലേക്ക്‌ മാറ്റി.