തൃശ്ശൂർ: അധ്യാപന കോഴ്‌സായ ഡി.എൽ.എഡ്ഡിന്റെ പ്രവേശനത്തിന് സാമ്പത്തിക സംവരണം കൂടി ഉൾപ്പെടുത്താൻ സോഫ്റ്റ്‌വേറിൽ മാറ്റം വരുത്തും. റാങ്ക് പട്ടിക പൂർത്തിയായപ്പോഴാണ് സാമ്പത്തിക സംവരണത്തിന്റെ കാര്യത്തിൽ സർക്കാർ തീരുമാനം വന്നത്. അതിനാൽ പട്ടിക പ്രസിദ്ധീകരിക്കുന്നത് തത്കാലം നിർത്തിവയ്ക്കാൻ ഡി.പി.ഐ. എല്ലാ ഡി.ഡി. മാർക്കും നിർദേശം നൽകിയിരുന്നു. അധ്യാപന പരിശീലനത്തിന്റെ കേന്ദ്ര ഏജൻസിയായ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ, കേരളത്തിലെ ചില സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ പേരിൽ തടസ്സം ഉന്നയിച്ചതും റാങ്ക് പട്ടിക വൈകുന്നതിന് തടസ്സമായിരുന്നു. എന്നാൽ ആ പ്രശ്‌നം സംസ്ഥാന സർക്കാരിന്റെ ഉറപ്പിൽ പരിഹരിച്ചിട്ടുണ്ട്.

10 ശതമാനം സാമ്പത്തിക സംവരണം കൂടി ഉൾപ്പെടുത്തിയുള്ള റാങ്ക് പട്ടികയാണ് ഇനി ഉണ്ടാക്കേണ്ടത്.

നിലവിലുള്ള സോഫ്റ്റ്‌വേർ ഉപയോഗിച്ച് ഇത് ഉൾപ്പെടുത്തുക സാധ്യമല്ല. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ് (എൻ.ഐ.സി.) പരിഷ്‌കരിച്ച സോഫ്റ്റ് വേർ തയ്യാറാക്കുന്നത്. ഇപ്പോൾ തയ്യാറാക്കിയ മെറിറ്റ് പട്ടികയിലാണ് സാമ്പത്തിക സംവരണം കൂടി വരുമ്പോൾ മാറ്റം ഉണ്ടാവുക. 50 ശതമാനം മെറിറ്റ് സീറ്റുകൾ 40 ശതമാനമായി മാറും. സാമ്പത്തിക സംവരണം ഉൾപ്പെടുത്താതെ പട്ടിക പ്രസിദ്ധീകരിച്ചാൽ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യത ഉള്ളതിനാലാണ് അടിയന്തരമായി സോഫ്റ്റ്‌വേർ പരിഷ്‌കരണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറായത്. സംസ്ഥാനത്ത് 102 സ്ഥാപനങ്ങളിലേക്കാണ് ഡി.എൽ.എഡ്. എന്ന പഴയ ടി.ടി.സി. കോഴ്‌സ് നടത്തുന്നത്. ഇതിൽ 30 എണ്ണം സർക്കാരിന്റേതാണ്.

പുതിയ പട്ടിക വന്ന ശേഷം പി.എസ്.സി. അംഗം കൂടി ഉൾപ്പെട്ട പാനൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത്. ജില്ലാ അടിസ്ഥാനത്തിലാണ് പ്രവേശനം.