തൃശ്ശൂർ: നിലവിൽ തരിശിട്ടിരിക്കുന്ന വയലുകൾ കൃഷിക്ക് ഉപയുക്തമാക്കാമെന്ന് ഉടമ ഉറപ്പുനൽകുകയാണെങ്കിൽ റോയൽറ്റിക്ക് അർഹത. ഒരുവർഷം ഹെക്ടറിന് 2,000 രൂപ വീതമാകും ലഭിക്കുക. തരിശിട്ടിരിക്കുന്ന ഭൂമി സ്വന്തമായോ മറ്റുകർഷകർക്ക് പാട്ടത്തിന് നൽകിയോ മറ്റ് ഏജൻസികൾ മുഖേനയോ കൃഷിക്ക് ഉപയുക്തമാക്കും എന്ന് സ്ഥല ഉടമ കൃഷിവകുപ്പിന് നൽകുന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാകും റോയൽറ്റി അനുവദിക്കുക.

എന്നാൽ ഇങ്ങനെ സത്യവാങ്‌മൂലം നൽകുന്ന ഭൂമിയിൽ മൂന്നുവർഷത്തിനുശേഷവും കൃഷിതുടങ്ങിയില്ലെങ്കിൽ കർഷകന് റോയൽറ്റിക്കുള്ള അർഹത നഷ്ടപ്പെടും. നിലവിൽ നെൽകൃഷിക്കായി മാത്രം പാടങ്ങൾ ഉപയോഗിക്കുന്ന ഭൂഉടമകളിൽനിന്ന്‌ റോയൽറ്റിക്കായി അപേക്ഷ കൃഷിവകുപ്പ് ഓൺെലെനായി സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.

സമഗ്ര നെൽകൃഷിവികസനപദ്ധതി പ്രകാരമാണ് രൂപമാറ്റം വരുത്താതെ നെൽകൃഷിക്കായി മാത്രം ഉപയോഗിക്കുന്ന ഭൂമിക്ക് റോയൽറ്റി പദ്ധതി കൃഷിവകുപ്പ് കൊണ്ടുവന്നത്. ഇതിനായി 40 കോടി രൂപയാണ് സർക്കാർ നീക്കിവെച്ചിട്ടുള്ളത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാകും തുക െകെമാറുക.

റോയൽറ്റിക്കായി കർഷകർക്ക് www.aims.kerala.gov.in എന്ന പോർട്ടലിൽ ഉപഭോക്താവിന്റെ വ്യക്തിഗത ലോഗിൻ ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രം വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.