തൃശ്ശൂർ: വിയ്യൂർ ജില്ലാ ജയിലിന്റെ കോവിഡ് നിരീക്ഷണ കേന്ദ്രമായ അമ്പിളിക്കലയിൽ റിമാൻഡ്‌ തടവുകാരൻ മർദമനമേറ്റ് മരിച്ച സംഭവത്തിൽ മൂന്നുപേരെക്കൂടി ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തു. ഗ്രേഡ് ഒന്ന് അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് അതുൽ‌, അസിസ്റ്റന്റ് പ്രിസൺ ഒാഫീസർമാരായ റിജു, സുഭാഷ് എന്നിവരെയാണ് തിങ്കളാഴ്ച സസ്പെൻഡ് ചെയ്തത്. ഇതോടെ സംഭവത്തിൽ ആറ്‌ ജയിൽ ജീവനക്കാർക്കെതിരേ നടപടിയായി.

കഞ്ചാവ് കേസിൽ സെപ്റ്റംബർ 29-ന് തൃശ്ശൂർ ഇൗസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം സ്വദേശി ഷെമീറാണ് ഒക്ടോബർ ഒന്നിന് ജയിൽ കസ്റ്റഡിയിൽ മരിച്ചത്. സംഭവത്തിൽ ജില്ലാ ജയിൽ സൂപ്രണ്ട് രാജു എബ്രഹാം, ഡെപ്യൂട്ടി പ്രിസൺ‍ ഒാഫീസർ അരുൺ, അസിസ്റ്റന്റ് പ്രിസൺ ഒാഫീസർ രമേഷ് എന്നിവരെ ഒക്ടോബർ 13-ന് സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ പങ്കുണ്ടോയെന്ന് സംശയിച്ചിരുന്ന ഗ്രേഡ് ഒന്ന് അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് അതുലിനെ കോഴിക്കോട് ജില്ലാ ജയിലിലേക്കും അസിസ്റ്റന്റ് പ്രിസൺ ഒാഫീസർമാരായ റിജു, സുഭാഷ് എന്നിവരെ ദേവികുളം പ്രത്യേക ജയിലിലേക്കും സ്ഥലം മാറ്റിയിരുന്നു. ഇവരെയാണ് തിങ്കളാഴ്ച സസ്പെൻഡ് ചെയ്തത്.