കൊച്ചി: ‘‘പൊന്നുപോലെ ഒരു മോളായിരുന്നു. എല്ലാക്കാര്യവും എന്നോട് വന്നു പറയുമായിരുന്നു. നല്ല മിടുക്കും മനഃശക്തിയുമുള്ള കുഞ്ഞായിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴും നല്ല ധൈര്യത്തോടെതന്നെ സംസാരിച്ചു. സ്റ്റേഷനിൽ നിന്നുള്ള അപമാനം താങ്ങാനാവാത്തതായി. ആത്മമാഭിമാനത്തിന് ക്ഷതമേറ്റാൽ അതു സഹിക്കാൻ കഴിയില്ല...’’ -ആലുവ ടൗൺ ജുമാ മസ്ജിദിന് മുന്നിൽ നിന്ന് സംസാരിക്കുമ്പോൾ, ആത്മഹത്യ ചെയ്ത നിയമ വിദ്യാർഥിനി മൊഫിയയുടെ പിതാവ് ദിൽഷാദിന് വാക്കുകൾ മുറിഞ്ഞു. വെള്ളിയാഴ്ച മകളുടെ കബറിൽ പ്രാർത്ഥനയ്ക്ക് എത്തിയതാണ് ദിൽഷാദും ഉമ്മ ഫാരിസയും.

മകളുടെ വിയോഗത്തിനു വഴിയൊരുക്കിയ സി.ഐ. സുധീറിനെ സസ്‌പെൻഡ്‌ ചെയ്ത വാർത്ത ഒരുതരത്തിലുള്ള ആശ്വാസിപ്പിക്കലാണെന്ന് പറയുമ്പോൾ ദിൽഷാദിെന്റ ശബ്ദം ഇടറിമുറിഞ്ഞു.

‘‘മകൾ നേരിട്ട കൊടിയ പീഡനങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ എന്തുവന്നാലും ‍ഞങ്ങൾ കൂടെയുണ്ടെന്ന് പറഞ്ഞിരുന്നതാണ് എന്നിട്ടും അവൾ പോയി...’’

ആലുവ പ്യാരിവില്ലയിലെ സ്വീകരണ മുറിയിൽ ഷോകേസ് നിറയെ ട്രോഫികളാണ് -ഒന്നാന്തരം കലാകാരിയായ മൊഫിയയ്ക്ക് കിട്ടിയ സമ്മാനങ്ങൾ. ‘‘എല്ലാം എന്റെ മോൾക്ക് കിട്ടിയതാണ് അത്രയും മിടുക്കിയായിരുന്നു അവൾ...’’ -ദിൽഷാദിന്റെ വാക്കുകളിൽ വിതുമ്പൽ. ചിത്രരചന, പ്രസംഗം, കഥ-കവിതാരചന എന്നിവയിലൊക്കെ മോഫിയയ്ക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്.

‘‘നിയമ വിദ്യാർഥിയായ അവൾക്ക് പോലീസ് സ്റ്റേഷനിൽ നേരിട്ട് അനുവിക്കേണ്ടിവന്ന നിയമലംഘനം ഉൾക്കൊള്ളാനേ പറ്റാത്തതായിരുന്നു. ആ സി.ഐ. നടത്തിയ എല്ലാ നിയമലംഘനങ്ങളും ചോദ്യംചെയ്യപ്പെടണം അയാളുടെ വലിയ സമ്പാദ്യങ്ങളെക്കുറിച്ച് അന്വേഷണം വേണം. എല്ലാം എഴുതിവെച്ചാണ് മകൾ പോയത്. അതിന് കാരണക്കാരായവർ ശിക്ഷിക്കപ്പെടണം. എല്ലാ രക്ഷിതാക്കളോടുമായി ഒന്നേ പറയാനുള്ളൂ എതുനിലയിലായാലും പെൺമക്കൾ വീട്ടിലെത്തുമ്പോൾ അവരെ ചേർത്തുപിടിക്കണം. ഇനിയൊരു പെൺകുട്ടിക്കും ഈഗതി വരരുതെന്ന ആശ്വാസവാക്കുകളിലൊന്നും വിശ്വാസിമില്ല. ആ വാക്കുകളിൽ സത്യമുണ്ടെങ്കിൽ ഇത്തരം സംഭവങ്ങളെങ്ങനെ നിരന്തരം തുടർന്ന് കൊണ്ടിരിക്കുമോ...’’-അദ്ദേഹം ചോദിക്കുന്നു

മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കുന്നു

‘‘എല്ലാവരും പറഞ്ഞു മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുക്കാൻ. പക്ഷേ, അതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയില്ല. നാട്ടിൽ നടക്കുന്നത് അദ്ദേഹം അറിഞ്ഞ് ചെയ്യണമല്ലോ. അൽപ്പം വൈകിയാണെങ്കിലും നടപടിയുണ്ടായതിൽ സന്തോഷമുണ്ട്. മുഖ്യമന്ത്രിയുടെ വാക്കുകളിൽ വിശ്വാസമുണ്ട്. മകളുടെ ജീവനെടുത്ത സംഭവങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവന്ന എല്ലാവരോടും നന്ദിയുണ്ട്.’’

‘ഇരിക്കെടീഅവിടെ’ എന്ന് ആക്രോശം

‘‘ആശ്വാസവും ആലംബവും തേടിയാണ് മകൾ പോലീസ് സ്റ്റേഷനിലെത്തിയത്. ആശ്വാസ വാക്കുകൾക്ക് പകരം ‘ശബ്ദിക്കരുത്... ഇരിക്കെടീ അവിടെ...’ എന്ന ആക്രോശമാണ് ആദ്യംതന്നെ സി. ഐ.യിൽ നിന്നുണ്ടായത്. നിയമവ്യവസ്ഥയിൽ ഉറച്ചു വിശ്വസിച്ച അവൾക്ക് വലിയ ആഘാതമായി നിയമപാലകരുടെ പെരുമാറ്റം. അപ്പോഴും സമാധാനിപ്പിക്കാൻ ഞാൻ പറഞ്ഞത് ഈ ലോകത്ത് രണ്ടുതരം നിയമയുണ്ടെന്ന് മനസ്സിലായില്ലേ എന്നാണ്. ഫാരിസയെന്ന പേര് ലോപിച്ചാണ് ഉമ്മയെ ‘പാച്ച’ എന്ന് മോൾ വിളിച്ചിരുന്നത്. എന്നെ ‘പപ്പ’യെന്നും വിളിക്കും. ഉമ്മയുടെ ഏറ്റവും വലിയ കരുത്തും അവൾതന്നെയായിരുന്നു. പാച്ചയെന്നും പപ്പായെന്നുമുള്ള മൊഫീനയുടെ വിളി ഇനി പ്യാരിവില്ലയിൽ മുഴങ്ങില്ലെന്ന യാഥാർഥ്യത്തിലേക്ക് എത്താനായിട്ടില്ല. കണ്ട് കൊതിതീർന്നിരുന്നില്ല ഇനി...’’ -വിതുമ്പൽ ദിൽഷാദിന്റെ വാക്കുകളെ പാതിയിൽ ഇല്ലാതാക്കി.