തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിന്റെ മറവിൽ മദ്യശാലകളുടെ എണ്ണം വർധിപ്പിക്കാനുള്ള സർക്കാർ നീക്കമാണ് പൊളിഞ്ഞതെന്ന് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ പറഞ്ഞു. മദ്യശാലകളുടെ എണ്ണം കൂട്ടാൻ ഉത്തരവിട്ടിട്ടില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻതന്നെ വ്യക്തമാക്കിയതോടെ ഹൈക്കോടതിയെ ചാരി 175 മദ്യശാലകൾ തുടങ്ങാനുള്ള സർക്കാരിന്റെ ഗൂഢശ്രമമാണ് പൊളിഞ്ഞത്.

അതേസമയം സർക്കാർ മദ്യനയത്തെ ചോദ്യംചെയ്തുകൊണ്ട് സമർപ്പിച്ച ഹർജിയിൽ ഇതുവരെ തീർപ്പാകാത്തതിൽ ദുഃഖമുണ്ട്. കേസിൽ ഓഗസ്റ്റ് 2017ൽ സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ, 47 തവണ ഈ കേസ് മാറ്റിവയ്ക്കപ്പെട്ടു. നാലുവർഷമായി കേസ് തീർപ്പാകാതെ തുടരുകയാണ്.