കൊച്ചി: പ്രകടനങ്ങളുടെയും പ്രതിഷേധങ്ങളുടെയും പേരിൽ രാഷ്ട്രീയപ്പാർട്ടികളും സംഘടനകളും റോഡും നടപ്പാതകളും കൈയേറുന്നത് അനുവദിക്കരുതെന്നു ഹൈക്കോടതി. മുമ്പ് പല ഉത്തരവുകളിലൂടെ വിലക്കിയിട്ടും ഇപ്പോഴും രാഷ്ട്രീയപ്പാർട്ടികൾക്കും സംഘടനകൾക്കും റോഡിലും നടപ്പാതകളിലും പ്രതിഷേധപരിപാടികൾക്കും മറ്റും അനുമതി നൽകുകയാണ്. രാഷ്ട്രീയപിന്തുണയുള്ളവർ നടപ്പാതകളിൽ പരവതാനി വിരിച്ച് കസേരകളിട്ടാണ് പ്രതിഷേധം നടത്തുന്നത്. ഇതുകാരണം കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട സാഹചര്യമാണ്. ഇത് അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും, ജസ്റ്റിസ് പി.ജി. അജിത്കുമാറും ഉൾപ്പെട്ട ഡിവിഷൻ ബെ‍ഞ്ച് വ്യക്തമാക്കി.

ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി പുരോഗതി റിപ്പോർട്ട് തേടണമെന്ന് ശബരിമല സ്പെഷൽ കമ്മിഷണർ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് റോഡ്സുരക്ഷയും കൈയേറ്റവും ഉൾപ്പെടെ വിഷയങ്ങൾ കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയത്.

അംഗപരിമിതർ ഉൾപ്പെടെ കാൽനടക്കാർക്കു തടസ്സമായി റോഡിലും നടപ്പാതകളിലുമുള്ള കൈയേറ്റങ്ങൾ തടയാൻ നടപടി ഉണ്ടാകുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കടകൾക്ക് മുന്നിൽ വിൽപ്പനസാധനങ്ങൾ നിരത്തിവച്ച് പ്രദർശിപ്പിക്കാനുള്ള ഇടമല്ല നടപ്പാതകൾ.

പൊതുവഴിയിലും പാതയോരങ്ങളിലുമുള്ള അനധികൃത നിർമിതികൾ നീക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. പൊതുവഴിയിൽ യോഗങ്ങളും പ്രകടനങ്ങളും നിരോധിച്ച് സംസ്ഥാനത്തു നിയമവുമുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ നിർദേശങ്ങളുമുണ്ട്. എന്നാൽ ഇതൊന്നും നടപ്പാക്കാനോ ഇന്ത്യൻ റോഡ്സ് കോൺഗ്രസിന്റെ മാർഗരേഖ ഉറപ്പാക്കാനോ സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി.

ഇക്കാര്യത്തിൽ ഉത്തരവുകൾ കർശനമായി നടപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.

നിലയ്ക്കലിൽ പൈപ്പിടൽ പൂർത്തിയായില്ല

ശബരിമലയിലേക്കുള്ള 12 റോഡുകളും സഞ്ചാരയോഗ്യമാക്കിയതായി പി.ഡബ്ല്യു.ഡി. പത്തനംതിട്ട ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. പ്ലാപ്പിള്ളി-ആങ്ങമുഴി-ചിറ്റാർ-വടശ്ശേരിക്കര റോഡിൽ നിലയ്ക്കലിൽ 6.7 കിലോമീറ്റർ ദൂരം ജലഅതോറിറ്റി പൈപ്പിടാനുള്ള ജോലികൾ നടക്കുകയാണ്. ഈ ജോലികൾ പൂർത്തിയായാലെ പൊതുമരാമത്ത് ജോലികൾ പൂർത്തിയാക്കാനാകൂ.

കക്കി-പ്ലാപ്പിള്ളി റോഡിൽ 6.5 കിലോമീറ്റർ ദൂരം മഴകാരണം ടാറിങ് പൂർത്തിയാക്കാനായിട്ടില്ല.