തിരുവനന്തപുരം: സിസ്റ്റർ അഭയയുടേത് കിണറ്റിൽ വീണുള്ള മുങ്ങിമരണമാണെന്ന നിലപാട് പ്രത്യേക സി.ബി.ഐ. കോടതിയിൽ നടന്ന വാദത്തിൽ പ്രതിഭാഗം ആവർത്തിച്ചു. ഫൊറൻസിക് വിദഗ്‌ധൻ കന്തസ്വാമിയുടെ മൊഴികളെയാണ് ഇതിനായി ആശ്രയിച്ചത്. മൊഴിയിൽ ഒരാൾ കിണറ്റിലേക്ക് വീണാലും മറ്റൊരാൾ കിണറ്റിലേക്ക് എടുത്തിട്ടാലും ഉണ്ടാകുന്ന സ്വാഭാവിക മുറിവുകൾ മാത്രമാണ് സിസ്റ്റർ അഭയയുടെ മൃതദേഹത്തിൽ കാണാൻ കഴിഞ്ഞതെന്ന ഭാഗം ഉദ്ധരിച്ചായിരുന്നു പ്രതിഭാഗത്തിന്റെ വാദം. നെറുകയിലേറ്റ ശക്തമായ ക്ഷതം അഭയയുടെ ബോധം നഷ്ടപ്പെടുത്തിയിരുന്നു. എന്നാൽ, നെറുക പൊട്ടി ചോര ഒലിച്ചിരുന്നില്ല. ശക്തമായ ക്ഷതത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടായാണ് ബോധം നഷ്ടപ്പെട്ടത്.
ബോധം നഷ്ടപ്പെട്ട അവസ്ഥയിൽ മുങ്ങിമരിക്കുന്ന ഒരാൾ കാണിക്കുന്ന സ്വാഭാവിക പ്രകടനങ്ങളേ അഭയയിൽനിന്നും ഉണ്ടായിട്ടുള്ളൂവെന്നും പ്രതിഭാഗം വാദിച്ചു. പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ സി. രാധാകൃഷ്ണപിള്ളയും അഭയയുടെ ശരീരത്തിൽ കാണപ്പെട്ട മുറിവുകൾ കിണറ്റിൽ വീണപ്പോൾ ഉണ്ടായതാകാം എന്ന് അഭിപ്രായപ്പെട്ടിട്ടുള്ള കാര്യവും പ്രതിഭാഗം കോടതിയെ അറിയിച്ചു. പ്രതിഭാഗം വാദം ഡിസംബർ രണ്ടിന് വീണ്ടും ആരംഭിക്കും.