കൊച്ചി: ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായ വടക്കാഞ്ചേരിയിലെ ഫ്ലാറ്റിന്റെ നിർമാണം പുനരാരംഭിക്കാൻ ഉത്തരവിടണമെന്ന അനിൽ അക്കരെ എം.എൽ.എ.യുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഹർജിയിൽ കക്ഷിചേർത്ത യൂണിടാകിന് നോട്ടീസ് അയക്കാനും ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഹർജി മൂന്നാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.
അനിൽ അക്കരെ എം.എൽ.എ. നൽകിയ പരാതിയിൽ സി.ബി.ഐ. അന്വേഷണം ആരംഭിച്ചതോടെയാണ് ഫ്ലാറ്റ് നിർമാണം നിലച്ചത്.
അഴിമതിയാരോപണത്തിന്റെയും അന്വേഷണത്തിന്റെയും പേരിൽ ഫ്ലാറ്റ് നിർമാണം തടസ്സപ്പെടരുതെന്നാണ് ഹർജിയിലെ ആവശ്യം.