തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കാനും കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത തകർത്ത് അസ്ഥിരപ്പെടുത്താനും സർക്കാരും സി.പി.എമ്മും ശ്രമിക്കുകയാണെന്ന് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ബി.ജെ.പി.യും സി.പി.എമ്മും ഒത്തുകളി നടത്തുകയാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ സ്വതന്ത്രവും നിർഭയവുമായി കേസ് അന്വേഷിക്കാൻ കേന്ദ്രസർക്കാർ അനുവദിക്കണം. കസ്റ്റംസിലെ ചില ഉദ്യോഗസ്ഥരുടെ പ്രവർത്തനം ദുരൂഹമാണ്.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ആശുപത്രിവാസം സംശയകരമാണ്. രവീന്ദ്രന്റെ രോഗാവസ്ഥയെപ്പറ്റി നിഷ്പക്ഷരായ മെഡിക്കൽ സംഘം അന്വേഷിക്കണം. യു.ഡി.എഫ്. എം.എൽ.എ.മാർക്കെതിരായ വിജിലൻസ് അന്വേഷണം രാഷ്ട്രീയപ്രതികാരമാണ്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണത്തിന്റെ കേന്ദ്രബിന്ദു മുഖ്യമന്ത്രിയും സി.പി.എം. നേതാക്കളുമാണ്. അതിനാലാണ് കേരളസർക്കാർ പ്രതിപക്ഷനേതാക്കളെ സ്വഭാവഹത്യ നടത്താൻ ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
വെൽഫെയർ പാർട്ടി വിഷയം കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി യോഗം ചേർന്ന് തീരുമാനിച്ചതാണ്. തിരഞ്ഞെടുപ്പുവേളയിൽ നേതാക്കൾ അഭിപ്രായപ്രകടനം നടത്തുമ്പോൾ സംയമനം പാലിക്കണം. കെ. മുരളീധരനുമായി അഭിപ്രായവ്യത്യാസമില്ല. അച്ചടക്കമുള്ള നേതാവാണ് കെ. മുരളീധരനെന്നും മുല്ലപ്പള്ളി പറഞ്ഞു.