തിരുവനന്തപുരം: മദ്യാസക്തിയുള്ളവർക്ക് ചികിത്സ നൽകുമെന്ന് സർക്കാർ. ബിവറേജസ് മദ്യശാലകൾ ഉൾപ്പെടെ അടച്ചതോടെയാണിത്. എല്ലാ ജില്ലകളിലും മദ്യവിമുക്തകേന്ദ്രങ്ങൾ സജ്ജമാണെന്ന് എക്സൈസ് അറിയിച്ചു. കിടത്തിചികിത്സാ സൗകര്യമുള്ള ആശുപത്രികളാണിവ. രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ ഒ.പി.യുമുണ്ട്. മരുന്നുകളും ലഭ്യമാണ്.
എക്സൈസും അവശ്യവിഭാഗം
വ്യാജമദ്യവിൽപ്പന തടയുന്നതിനായി എക്സൈസിനെ അവശ്യവിഭാഗത്തിൽ ഉൾപ്പെടുത്തി. വ്യാജമദ്യം, കഞ്ചാവ്, മറ്റു ലഹരി പദാർഥങ്ങൾ എന്നിവ കൂടാൻ സാധ്യതയുള്ളതിനാലാണ് തീരുമാനം. സാനിറ്റെസർ നിർമിക്കാൻ ഉപയോഗിക്കുന്ന മദ്യം, ഡിസ്റ്റിലറികൾ, ബ്രൂവറികൾ എന്നിവിടങ്ങളിലെ മദ്യം, സ്പിരിറ്റ് എന്നിവ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കും. കള്ളുചെത്തിന് നിയന്ത്രണമേർപ്പെടുത്തിയതിനാൽ അത്തരം തെങ്ങുകൾ നശിച്ചുപോകാതിരിക്കാനുള്ള നടപടിയെടുക്കണമെന്നും നിർദേശമുണ്ട്.
ഓൺലൈൻ വഴി വിൽക്കില്ല
ഓൺലൈൻവഴി മദ്യം നൽകില്ല. മദ്യശാലകൾ പൂട്ടിയ സാഹചര്യം അതേപടി തുടരും. മദ്യാസക്തിയുള്ളവർ അതിൽനിന്ന് പിന്മാറുകയാണ് വേണ്ടത്
-മന്ത്രി ടി.പി. രാമകൃഷ്ണൻ