കൊച്ചി: ഐ.എസ്.ആർ.ഒ. ചാരക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷിക്കുന്ന കേസിലെ ഒന്നും രണ്ടും പ്രതികളായ മുൻ പോലീസ് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. സ്പെഷ്യൽ ബ്രാഞ്ച് സി.ഐ. ആയിരുന്ന എസ്. വിജയൻ, വഞ്ചിയൂർ എസ്.ഐ. ആയിരുന്ന തമ്പി എസ്. ദുർഗാദത്ത് എന്നിവർക്കാണ് ജസ്റ്റിസ് അശോക് മേനോൻ രണ്ടാഴ്ചത്തേക്ക് ജാമ്യം അനുവദിച്ചത്.

കേസുമായി ബന്ധപ്പെട്ട് ഇരുവരെയും അറസ്റ്റുചെയ്താൽ 50,000 രൂപയുടെ സ്വന്തം ബോണ്ടിലും തുല്യതുകയുടെ രണ്ട് ആൾജാമ്യത്തിലും വിട്ടയക്കാനാണ് നിർദേശിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കേന്ദ്ര ഇന്റലിജൻസിൽ ഓഫീസറായിരുന്ന 11-ാം പ്രതി പി.എസ്. ജയപ്രകാശിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള മുൻ ഉത്തരവ് തുടരും.

തിങ്കളാഴ്ച ഹർജികൾ പരിഗണനയ്ക്കുവന്നപ്പോൾ അഡീഷണൽ സോളിസിറ്റർ ജനറലാണ് കേസിൽ ഹാജരാകുന്നതെന്നും അതിനായി ഹർജികൾ പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്കു മാറ്റണമെന്നും അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. തുടർന്ന് ഹർജി ഓഗസ്റ്റ് രണ്ടിനു പരിഗണിക്കാൻ മാറ്റിയ കോടതി പ്രതികൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

തിരുവനന്തപുരം പോലീസ് കമ്മിഷണറായിരുന്ന രാജീവിന്റെ നിർദേശപ്രകാരമാണ് മറിയം റഷീദയെ അറസ്റ്റുചെയ്തതെന്നും നമ്പി നാരായണനെ അറസ്റ്റുചെയ്തത് പ്രത്യേക അന്വേഷണ സംഘമാണെന്നുമാണ് വിജയനും തമ്പി എസ്. ദുർഗാദത്തും വാദിച്ചത്. മറ്റൊരു പ്രതിയായ ആർ.ബി. ശ്രീകുമാറിന് ഗുജറാത്ത് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതായും വാദിച്ചു.

ജാമ്യാപേക്ഷയെ എതിർത്ത് നമ്പി നാരായണനും മാലി വനിതകളായ മറിയം റഷീദയും ഫൗസിയ ഹസനും കോടതിയെ സമീപിച്ചിട്ടുണ്ട്.