ചേർത്തല: തൃശ്ശൂർ കരുവന്നൂർ സഹകരണബാങ്കിലെ തട്ടിപ്പ് പ്രതിക്കൂട്ടിലാക്കിയ പശ്ചാത്തലത്തിൽ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളിൽ ആഭ്യന്തരപരിശോധനയ്ക്കു സി.പി.എം. തയ്യാറെടുക്കുന്നു. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം എല്ലാ ജില്ലകളിലും ഇതിനായി പ്രത്യേക സമിതികൾക്കു രൂപംനൽകി.

സഹകരണവകുപ്പ്‌ പരിശോധന കർശനമാക്കിയതിനു പിന്നാലെയാണു പാർട്ടിതലത്തിലും കർക്കശനിരീക്ഷണം. ബാങ്കുകളുടെ ചുമതലയുള്ള ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ ഉൾപ്പെടുന്ന സമിതിയാണു ജില്ലയിലെ പരിശോധനയ്ക്കു നേതൃത്വംനൽകുക. ഏരിയാതലത്തിൽ ഏരിയാ സെന്ററിലെ തിരഞ്ഞെടുത്ത അംഗങ്ങളും അവിടെനിന്നുള്ള ജില്ലാ കമ്മിറ്റിയംഗങ്ങളും സമിതിയിലുണ്ടാകും.

ഓരോ ബാങ്കിലെയും പാർട്ടിയുടെ നിരീക്ഷണസമിതിയുടെ പ്രവർത്തനവും വിലയിരുത്തും. കണക്കു വിലയിരുത്താനും വായ്പ പരിശോധിക്കാനും വിരമിച്ച ജീവനക്കാരുടെ സഹായം സമിതിക്കു തേടാം. പരിശോധനാ റിപ്പോർട്ടുകൾ ജില്ലാതലസമിതിക്കു നൽകണം. ഭരണസമിതിയുടെയും ജീവനക്കാരുടെയും യോഗം പ്രത്യേകം വിളിച്ചും സമിതി നിർദേശങ്ങൾ കൈമാറും. ചെറിയ തെറ്റുകൾപോലും തള്ളിക്കളയരുതെന്നാണു സമിതിയംഗങ്ങൾക്കു സി.പി.എം. നൽകിയിരിക്കുന്ന നിർദേശം.