കൊച്ചി: ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സ് (28) ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ മൊഴി രേഖപ്പെടുത്താനായില്ല. തിങ്കളാഴ്ച മൊഴിയെടുക്കാനാണ് പോലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ മെഡിക്കൽ രേഖകളിലെ വിവരങ്ങൾ പഠിച്ച ശേഷം മൊഴിയെടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

സ്വകാര്യ ആശുപത്രിയിൽനിന്ന് അനന്യയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ചില മെഡിക്കൽ രേഖകൾ അല്പം വൈകിയാണ് പോലീസിന് ലഭിച്ചത്. ഇതിലെ വിവരങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തിയ വിദഗ്ദ്ധരെ കാണിക്കാനോ ഇതു സംബന്ധിച്ച് ചർച്ച ചെയ്യാനോ പോലീസിനായില്ല. ഇതാണ് മൊഴി രേഖപ്പെടുത്തൽ മാറ്റി വെക്കാൻ കാരണം. വിദഗ്ദ്ധ സംഘത്തിന് ഈ രേഖകൾ കൂടി കൈമാറി പൊതു നിഗമനത്തിലെത്തിയ ശേഷം ചൊവ്വാഴ്ച മൊഴിയെടുപ്പ് ഉണ്ടാകുമെന്ന് കളമശ്ശേരി ഇൻസ്പെക്ടർ പി.ആർ. സന്തോഷ് പറഞ്ഞു.

ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ അന്വേഷണത്തിലേക്ക് പോലീസ് കടക്കും. അനന്യയുടെ സുഹൃത്തുക്കളെ അടക്കം ചോദ്യം ചെയ്യും.