കൊച്ചി: പച്ചാളത്ത് സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അറസ്റ്റ് വൈകുന്നു. ഗൗരവമേറിയ കേസായിട്ടും പോലീസ് ഒളിച്ചുകളിക്കുകയാണെന്ന് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു.

പ്രതികൾ സ്വാധീനമുപയോഗിച്ച് മെഡിക്കൽ രേഖകളിൽ അടക്കം തിരുത്തൽ വരുത്തിയതായി കൗൺസിൽ കൺവീനർ കെ.പി. ആൽബർട്ട് ആരോപിച്ചു. അറസ്റ്റ് വൈകിയാൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനം. പ്രതികൾ ഒളിവിലാണെന്നാണ് എറണാകുളം നോർത്ത് പോലീസ് പറയുന്നത്.

പാലാരിവട്ടം ചക്കരപ്പറമ്പ് സ്വദേശിയായ ജോർജിന്റെ മകൾ ഡയാനയെ സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവ് പച്ചാളം സ്വദേശി ജിപ്‌സണും കുടുംബത്തിനുമെതിരേ വെള്ളിയാഴ്ചയാണ് എറണാകുളം നോർത്ത് പോലീസ് കേസെടുത്തത്. ഡയാനയുടെ പിതാവിനെ മർദിച്ച സംഭവത്തിൽ 18-ന് ഡയാന പരാതി നൽകുകയും തൊട്ടടുത്ത ദിവസംതന്നെ ജിപ്‌സണിനെയും പിതാവ് പീറ്ററിനെയും നോർത്ത് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവരെ ജാമ്യത്തിൽ വിടുകയും ചെയ്തു. ഈ സമയം ഗാർഹിക പീഡനത്തിന് പോലീസ് കേസെടുത്തിരുന്നില്ല. ഇതേത്തുടർന്ന് വനിതാ കമ്മിഷൻ പോലീസിനെ അതിരൂക്ഷമായി വിമർശിച്ചിരുന്നു.