കൊച്ചി: കപ്പൽശാലയിൽ വ്യാജ രേഖയുപയോഗിച്ച് ജോലി ചെയ്ത സംഭവത്തിൽ പിടിയിലായ അഫ്ഗാൻ പൗരനെ എട്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കൊൽക്കത്തയിൽനിന്ന് അറസ്റ്റ് ചെയ്ത ഈദ്ഗുളിനെ (23) വിശദമായ ചോദ്യം ചെയ്യലിനാാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്.

പ്രതിക്ക് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യമാകും പ്രധാനമായി പരിശോധിക്കുക. അറസ്റ്റ് ചെയ്ത സമയത്ത് തനിക്ക് അത്തരം ബന്ധമൊന്നുമില്ലെന്നും ജോലിക്കായി എത്തിയതാണെന്നുമാണ് അറിയിച്ചിരുന്നത്. എന്നാലിത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

ഈദ്ഗുൾ ഇന്ത്യയിൽ എത്തും മുന്നേ മറ്റേതെങ്കിലും രാജ്യങ്ങളിൽ പോയിരുന്നോ, ഏതു വഴിയാണ് ഇന്ത്യയിൽ എത്തിയത് തുടങ്ങിയ വിവരങ്ങളും അന്വേഷിക്കും. ജോലിക്ക് പ്രവേശിക്കാൻ വ്യാജ രേഖയുണ്ടാക്കിയതാരാണ്, ജോലി തരപ്പെടുത്തി നൽകിയത് ആരാണ് എന്നീ കാര്യങ്ങളിലും വ്യക്തത വരുത്താനുണ്ട്.

എട്ട് ദിവസം കസ്റ്റഡിയിലുള്ളതിനാൽത്തന്നെ ഈദ്ഗുളിനെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. ഇതിനുശേഷമാകും കേസ് ഏറ്റെടുക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ ഏജൻസികൾ തീരുമാനമെടുക്കുക. നിലവിൽ പോലീസിൽനിന്ന് കേസ് സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് ഏജൻസികൾ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊച്ചി കപ്പൽശാലയിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.