കോട്ടയം: നാട്ടകത്തെ ഭൗമശാസ്ത്രക്കൂട്ടായ്മ പലനാടുകളിലുമിരുന്ന് ബ്ലോഗിലൂടെ ബന്ധം തുടരും. നാട്ടകം ഗവ.കോളേജ് ജിയോളജി വിഭാഗത്തിലെ പൂർവവിദ്യാർഥികളാണ് ‘ശിലാലിഖിതങ്ങൾ’ എന്ന ബ്ലോഗിലൂടെ സംവദിക്കുകയും കലാലയസ്മരണകൾ പുതുക്കുകയും ചെയ്യുക.

പൂർവവിദ്യാർഥിക്കൂട്ടായ്മയൊരുക്കിയ ബ്ലോഗിന്റെ പ്രകാശനം ഓൺലൈനായി നടന്നു. ജിയോളജി വിഭാഗം മുൻ മേധാവിയും കലാരംഗത്ത് പ്രശസ്തനുമായ പ്രൊഫ. ജി.ഗോപാലകൃഷ്ണൻ പ്രകാശനം നിർവഹിച്ചു. ആദ്യബാച്ചുമുതലുള്ള വിദ്യാർഥികളും അധ്യാപകരും ഉൾക്കൊള്ളുന്നതാണ് ജിയോളജി വിഭാഗം പൂർവവിദ്യാർഥി കൂട്ടായ്മയായ ‘ജിയോഅലുമ്‌നി’. കലാലയ ജീവിതത്തിലെ സ്മരണകളും സർഗസൃഷ്ടികളും പങ്കുവെച്ച് പുതിയവിദ്യാർഥികൾക്ക് പ്രചോദനമേകാനുംകൂടി ലക്ഷ്യമിട്ടാണ് ബ്ലോഗ്.

സംസ്ഥാന, ദേശീയ, അന്തർദേശീയ തലത്തിൽ ഭൗമശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധമേഖലകളിൽ പ്രഗല്‌ഭരെ സംഭാവന ചെയ്ത ജിയോളജി വിഭാഗം നാട്ടകം കോളേജിൽ 1976-ലാണ് ആരംഭിച്ചത്.

പൂർവവിദ്യാർഥി കൂട്ടായ്മയുടെ ഭാഗമായി കോളേജിലെ വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകളും വിതരണം ചെയ്തു. ജിയോ അലുമ്‌നി പ്രസിഡന്റ് തോമസ് സ്‌കറിയ, കോളേജ് പ്രിൻസിപ്പൽ ഡോ. ആർ.പ്രഗാഷ്, ജിയോളജി വിഭാഗം മേധാവി ദിലീപ് കുമാർ പി.ജി. എന്നിവരും കോളേജിലെ മുൻ അധ്യാപകരും പൂർവവിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.