ആയിരം ഇതളുള്ള താമരയായി ആറ്റുകാൽ ഭഗവതി ക്ഷേത്രം ശോഭിക്കുന്നു. അവിടെ ഭക്തിയുടെ വരദാഭയം തേടി ആയിരങ്ങൾ വലംവയ്ക്കുന്നു. കുംഭത്തിലെ പൂരവും പൗർണമിയും ചേർന്ന നാൾ എല്ലാ വർഷവും ആ ഭക്തർക്ക് ആത്മനിർവൃതിയുടെയും ആനന്ദത്തിന്റെയും ദിവസമായിരുന്നു-കഴിഞ്ഞ കൊല്ലംവരെ. ’ആറ്റുകാൽ പൊങ്കാല’ എന്ന ലോകപ്രസിദ്ധമായ ആചാരവിശേഷം ആ ദിവസമാണ് നടക്കുന്നത്. ക്ഷേത്രപരിസരത്തും നഗരത്തിലെ റോഡുകളിലും എല്ലാ വീടുകളുടെ വളപ്പിലും ഭക്തസഹസ്രങ്ങൾ ഒത്തുചേരുന്ന പൊങ്കാല സമർപ്പണം. മണ്ണിലും വിണ്ണിലും ഭക്തന്റെ കണ്ണിലും മനസ്സിലും ആ നിവേദ്യത്തിന്റെ മണവും മധുരവും അനുഭവവേദ്യമാകുന്ന അന്തരീക്ഷം.

എല്ലായിടത്തുമെന്നപോലെ കോവിഡ് മഹാമാരി ഈ ആചാരത്തിനു മുന്നിലും നിയന്ത്രണത്തിന്റെയും ഭീതിയുടെയും ആവരണം നിറച്ചു. ആറ്റുകാൽ പൊങ്കാലയെന്ന ഒത്തുചേരലിന്റെ അത്ഭുതത്തിനു താത്കാലികമായെങ്കിലും ഒരു ഇടവേള. ഇക്കുറി സ്വന്തം വീട്ടുമുറ്റങ്ങൾ പൊങ്കാലക്കളങ്ങളാകും. ആണ്ടുകളായി ആറ്റുകാലമ്മയുടെ അനുഗ്രഹപ്രീതി തേടി അലഞ്ഞവർക്ക് കാലം ഒരുക്കിയ ഒരു ഇടവേള ആകാമിത്. അമ്മയ്ക്കായി വീട്ടിലേക്ക്... സഹനത്തിന്റെ സമർപ്പണമാണ് ഈ പൊങ്കാല: ഒപ്പം അതിജീവനത്തിനുള്ള മഹാമന്ത്രവും. ഭക്തവത്സലയായ ആറ്റുകാലമ്മ നിസ്വാർഥമായ പ്രാർഥന ഏറ്റുവാങ്ങുമെന്ന വിശ്വാസം ഭക്തമനസ്സുകൾക്ക് താങ്ങാകുന്നു. ക്ഷേത്രത്തിനു സമീപത്തല്ലാതെ അകലെ വഴിയോരങ്ങളിൽ പവിത്രമായ പൊങ്കാല അർപ്പിക്കുന്നതിലെ വിയോജിപ്പ് നേരത്തെ ഒരു വിഭാഗം വിശ്വാസികൾക്കുണ്ടായിരുന്നു. അത്തരക്കാർക്ക് വീട്ടുമുറ്റത്തെ പൊങ്കാല ആത്മനിർവൃതിയുടെ നിമിഷങ്ങളായി മാറും.

2020 മാർച്ച് ഒൻപതിനായിരുന്നു കഴിഞ്ഞ വർഷത്തെ ആറ്റുകാൽ പൊങ്കാല. കേരളത്തിൽ കോവിഡ് വ്യാപനത്തിന്റെ ദുസൂചനകൾ അതിന് തലേന്ന് അറിഞ്ഞിരുന്നു. എന്നാൽ, പൊങ്കാലയിൽ നിന്ന് പിന്തിരിപ്പിക്കാൻ പോന്നതായിരുന്നില്ല രോഗത്തിന്റെ സന്ദേശങ്ങൾ. പങ്കെടുക്കുന്നവർക്കെല്ലാം ഇൻഷുറൻസ് ഏർപ്പെടുത്താൻ ക്ഷേത്ര ട്രസ്റ്റ് തയ്യാറായപ്പോൾ, സർക്കാർ മറ്റ് സുരക്ഷാമാർഗങ്ങൾ അവലംബിച്ചു. പങ്കെടുത്തവർ സ്വയം പ്രതിരോധത്തിന്റെ മറ തീർത്തു. പൊങ്കാലയ്ക്ക് സമംഗളമായ സമാപനമായിരുന്നു.

ഇക്കുറിയും പൊങ്കാല നടത്തിപ്പിനെക്കുറിച്ചുള്ള ചോദ്യവും ആശങ്കയും എല്ലാ ഭാഗത്തുനിന്നും ഉയർന്നിരുന്നു. ഒടുവിലാണ് സർക്കാർ നിർദ്ദേശപ്രകാരം ക്ഷേത്രത്തിൽ മാത്രമായി പണ്ടാര പൊങ്കാല അർപ്പിക്കാൻ ക്ഷേത്രട്രസ്റ്റ് തീരുമാനിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പതിവുള്ള കാഴ്ചകൾ കാണാതെ തലസ്ഥാനം കൺമിഴിച്ചും മൂടിയും നിൽക്കുന്നു. കിഴക്കേക്കോട്ട, കിള്ളിപ്പാലം, തകരപ്പറമ്പ്, തമ്പാനൂർ എന്നിവിടങ്ങളിലെല്ലാം ഉയരുന്ന മൺകലങ്ങളുടെയും ഇഷ്ടികയുടെയും കുങ്കുമവർണം, വർഷത്തിലൊരിക്കൽ മാത്രം ഉപയോഗിക്കുന്ന ഓലച്ചൂട്ട്, കൊതുമ്പ്, പനനാരുവട്ടി, മുറം എന്നിവയുടെ പഴയഗന്ധം, ഓണക്കോടിപോലെ പുതുതലമുറ കൈയ്യേന്തിയ ചുട്ടിത്തോർത്ത്, ചൂടകറ്റുന്ന കൈത്തറി സാരി എന്നിവയുടെ പുതുമണം. നഗരത്തിൽ കാണാവുന്നിടത്തെല്ലാം ഉയരുന്ന പൂജാമണ്ഡപങ്ങൾ. അവയിൽ ആറ്റുകാലമ്മയുടെ പുഷ്പാലംകൃതമായ ചിത്രത്തിനു മുന്നിൽ നിറയുന്ന പൂജാദ്രവ്യങ്ങൾ. രാവിലെയും വൈകീട്ടും ഉച്ചഭാഷിണിയിലൂടെ ഉയരുന്ന ദേവീകീർത്തനങ്ങൾ. പൊങ്കാലയെയും ഭക്തരെയും വരവേൽക്കാൻ ദിവസങ്ങൾക്കു മുൻപുതന്നെ നഗരം തയ്യാറെടുക്കുമായിരുന്നു. ഒരാണ്ടിനുള്ളിൽ നഷ്ടമായത് ഗൃഹാതുരമായ ആ ഓർമകളാണ്.

നിയന്ത്രണങ്ങൾക്ക് നടുവിലും ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർ നിരവധിയാണ്. ആറ്റുകാലമ്മയുടെ അപദാനവർണന ഭക്തർക്ക് സീമാതീതമാണ്. മന്ത്രത്തിലും മൗനത്തിലും തെളിയുന്ന പ്രഭാമയിയുടെ അമൃതവർഷം തേടി ഭക്തർ ഇക്കുറിയും പൊങ്കാല അർപ്പിക്കുന്നു. സഹസ്രമുഖിയായ വാക്ക് അർച്ചനയ്ക്ക് ഒരുങ്ങുന്നു. മന്ത്രമുഖരിതമെങ്കിലും മനസ്സ് മൗനമുദ്രിതമാകുന്നു. വരുംകൊല്ലം ഈ കടവും ഭാരവും ഇറക്കിവയ്ക്കാമെന്ന ആശ്വാസത്തോടെ വീട്ടുമുറ്റം പൊങ്കാലയുടെ പൂക്കളമാകും. മനസ്സിൽ സൂക്ഷിക്കാം ഈ മംഗളമുഹൂർത്തം.