ആറ്റുകാലമ്മയുടെ അനുഗ്രഹംതേടി ഒരിക്കൽ പൊങ്കാല സമർപ്പിച്ചവർ പിന്നീടത് മുടക്കാറില്ല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും ഭക്തിയുടെ അനുഭവത്തിന് യാതൊന്നും തടസ്സവുമാവില്ല. വീടുകളിൽ പൊങ്കാല സമർപ്പിക്കുന്നതിൽ ദോഷങ്ങളില്ലെന്ന് ദേവപ്രശ്നത്തിൽ തെളിഞ്ഞതോടെ ഇക്കുറി അനന്തപുരി മാത്രമല്ല, ലോകമെമ്പാടുമുള്ള ഭക്തരുടെ വീടുകൾ ആറ്റുകാലമ്മയുടെ തിരുസന്നിധിയാകുന്നു.

വീടുകളിൽ പൊങ്കല സമർപ്പിക്കുന്ന രീതി ഇത് ആദ്യമല്ല. വിദേശത്തും മറുനാടുകളിലും താമസിക്കുന്ന ഭക്തർ അവരുടെ വീടുകളിൽ പൊങ്കാല ഇടാറുണ്ട്. പൊങ്കാല സമർപ്പണത്തിലൂടെ ആഗ്രഹസാഫല്യമാണ് പ്രധാനഫലം. ആഗ്രഹത്തിനും മുമ്പും ആഗ്രഹസാഫല്യത്തിനു ശേഷവും പൊങ്കാലയിടാറുണ്ട്. അർപ്പണബോധത്തോടെയും ആത്മസമർപ്പണത്തോടെയുമുള്ള പൊങ്കാലയുടെ ഫലം പലരും അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്.

പൊങ്കാലയായി എന്ത് വഴിപാട് നടത്തണം എന്നതിലല്ല പ്രാർഥനയാണ് മുഖ്യം. മാനസപൂജയ്ക്കാണ് കൂടുതൽ പ്രാധാന്യം. പ്രാർഥനയോടൊപ്പം ശരീരം കൊണ്ട് എന്തെങ്കിലും ചെയ്താലെ പൂർണത ലഭിക്കൂ. ചിലർക്ക് ഭഗവാനെ തൊഴുതാൽ മാത്രം പോര നമസ്കരിക്കണം. ആ പൂർണതയാണ് പൊങ്കാലയായി ദേവിയിലേക്ക് അർപ്പിക്കുമ്പോൾ ലഭിക്കുന്നത്.

വീടിനുമുന്നിലെ സ്ഥലം വൃത്തിയാക്കി പുതിയ ചുടുകട്ട കൊണ്ട് അടുപ്പുകൂട്ടി വേണം പൊങ്കാലയിടാൻ. പണ്ഡാര അടുപ്പിലേക്ക് അഗ്നി പകരുമ്പോൾ നിലവിളക്കിൽനിന്ന്‌ അടുപ്പിലേക്ക് അഗ്നിപകരണം. പൊങ്കാല നിവേദിക്കുമ്പോൾ കിണ്ടിയിലെ വെള്ളം തീർത്ഥമായി സങ്കല്പിച്ച് തളിക്കണം.

വ്രതമെടുത്ത് പൊങ്കാലയിടുന്നത് കൂടുതൽ ഫലപ്രദമാണെന്ന് പറയാറുണ്ട്. കാപ്പുകെട്ടുന്ന ദിവസം മുതൽ വ്രതം ആരംഭിക്കുമ്പോൾ ദേവിയിലേക്കുള്ള ദൂരം കുറയുന്നതായി അനുഭവപ്പെടും. മുടങ്ങാതെ വർഷങ്ങളായി നേരിട്ടെത്തി പൊങ്കാല ഇടുന്ന ഭക്തലക്ഷങ്ങളുണ്ട്. അവർ വ്രതാനുഷ്ഠാനങ്ങളോടെ വീടുകളിൽ പൊങ്കാല സമർപ്പിച്ച് ലോകനന്മയ്ക്കായി പ്രാർത്ഥിക്കുക.

വെള്ളിയോട്ടില്ലം പി.ഈശ്വരൻ നമ്പൂതിരി, ആറ്റുകാൽ ക്ഷേത്രം മേൽശാന്തി