: സി.എ.എ.യും എൻ.ആർ.സി.യും ഇന്ധനവിലവർധനയുമൊക്കെയായി ഇളകിമറിയുന്ന അസമിന്റെ തിരശ്ശീലയിൽ ഇത്തവണ ഏതു നായകന്റെ ചിത്രമാകും സൂപ്പർഹിറ്റാകുക..? ബി.ജെ.പി.-എ.ജി.പി. സഖ്യത്തിന്റെ സർബാനന്ദ സോനോവാൾ നായകനാവുന്ന ചിത്രമോ അതോ യു.പി.എ. സഖ്യത്തിന്റെ നായകനെ നിശ്ചയിച്ചിട്ടില്ലാത്ത ചിത്രമോയെന്നത് കാത്തിരുന്നുതന്നെ കാണണം. അസമിനൊപ്പം ദേശീയരാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നതിതാണ്. 2016-ൽ സർബാനന്ദ സോനാവാളായിരുന്നു ഹിറ്റ്മേക്കർ.

പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ചേർന്ന് സംവിധാനംചെയ്യുന്ന ചിത്രത്തിൽ സർബാനന്ദ സോനോവാളാകും മുഖ്യമന്ത്രിയുടെ വേഷമിടാനിരിക്കുന്നത്. ഒപ്പം അസം ഗണപരിഷത്ത് (എ.ജി.പി.), യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (യു.പി.പി.എൽ.), ഗണസുരക്ഷ പാർട്ടി എന്നിവയുടെ താരങ്ങളും തിരശ്ശീലയിലെത്തും. ഇപ്പുറത്ത് യു.പി.എ.യുടെ ചിത്രത്തിൽ നായകനെ തീരുമാനിച്ചിട്ടില്ലെങ്കിലും സഹതാരങ്ങളെല്ലാം തയ്യാറായിക്കഴിഞ്ഞു. കോൺഗ്രസിനൊപ്പം ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്.), സി.പി.എം., സി.പി.ഐ., സി.പി.ഐ.എം.എൽ, അഞ്ചലിക് ഗണമോർച്ച എന്നിവയുടെ താരങ്ങളും അണിനിരക്കും.

ഈ രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങൾക്കൊപ്പം യുണൈറ്റഡ് റീജണൽ ഫ്രണ്ടിനായി റെയ്ജോർ ദളും അസം ജാതീയപരിഷത്തും ചേർന്ന് നിർമിക്കുന്ന ചിത്രവും ബോഡോ ലൻഡ് പീപ്പിൾസ് ഫ്രണ്ടിന്റെ (ബി.പി.എഫ്.) ചിത്രവുമെത്തുന്നതോടെ അസം തിരശ്ശീലയിലെ പോരുമുറുകുമെന്നതിൽ സംശയമില്ല.

2016 തിരഞ്ഞെടുപ്പിൽ 126-ൽ 86 സീറ്റ് നേടിയാണ് എൻ.ഡി.എ. സഖ്യം അധികാരത്തിലെത്തിയത്. ബി.ജെ.പി.-60ഉം എ.ജി.പി.-14-ഉം ബി.പി.എഫ്.-12-ഉം സീറ്റ് നേടിയപ്പോൾ യു.പി.എ.യ്ക്ക് 26 സീറ്റ് മാത്രമാണ് നേടാനായത്. മറ്റു കക്ഷികൾ 14 സീറ്റിലൊതുങ്ങി. കഴിഞ്ഞതവണ എൻ.ഡി.എ.യ്ക്കൊപ്പമുണ്ടായിരുന്ന ബി.പി.എഫ്. മുന്നണിമാറി തനിച്ച് മത്സരിക്കാനാണ് തീരുമാനം. അതുപോലെ കഴിഞ്ഞതവണ തനിച്ച് മത്സരിച്ച എ.ഐ.യു.ഡി.എഫ്. ഇത്തവണ യു.പി.എ.യിലെത്തി. പുതുതായി രൂപംകൊണ്ട അസം ജാതീയപരിഷത്തും റെയജോർ ദളും യുണൈറ്റഡ് റീജണൽ ഫ്രണ്ട് എന്ന സഖ്യത്തിലാകും മത്സരിക്കുക.

പൗരത്വനിയമ ഭേദഗതിയും ഇന്ധനവിലവർധനയിലും കേന്ദ്രീകരിച്ചാണ് കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും പ്രചാരണമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്റെയും നേതൃത്വത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് ബി.ജെ.പി.യുടെ മുഖ്യ പ്രചാരണ വിഷയം. പൗരത്വനിയമഭേദഗതി തിരഞ്ഞെടുപ്പിൽ ചർച്ചയാകില്ലെന്നാണ് ബി.ജെ.പി. വാദം. ബി.പി.എഫ്. ബി.ജെ.പി.യിൽ നിന്നകന്നതും മുസ്‌ലിം വിഭാഗവുമായി അടുത്തുനിൽക്കുന്ന എ.ഐ.യു.ഡി.എഫ്. യു.പി.എ.യിലേക്കെത്തിയതും കോൺഗ്രസിന് പ്രതീക്ഷ നൽകുന്നുണ്ട്.