ചെന്നൈ: പുതുച്ചേരിയിൽ ബി.ജെ.പി.ക്ക്‌ അഭിമാനപോരാട്ടമാണെങ്കിൽ കോൺഗ്രസിന് അഗ്നിപരീക്ഷയാണ്. കഴിഞ്ഞതവണ പേരിനുമാത്രം മത്സരിച്ച ബി.ജെ.പി. ഇപ്രാവശ്യം ഭരണം പിടിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് രംഗത്തിറങ്ങുന്നത്. 2016 തിരഞ്ഞെടുപ്പിൽ വെറും രണ്ടരശതമാനം വോട്ടുനേടിയ ബി.ജെ.പി.യുടെ ബലം കോൺഗ്രസ് വിട്ടുവന്ന എം.എൽ.എ.മാരും സഖ്യകക്ഷികളായ എൻ.ആർ. കോൺഗ്രസും എ.ഐ.എ.ഡി.എം.കെ.യുമാണ്. അരനൂറ്റാണ്ടിലേറെയായി പുതുച്ചേരിയിലെ നിർണായകശക്തിയായിരുന്ന കോൺഗ്രസ് നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി നേതാക്കന്മാരുടെ കൊഴിഞ്ഞുപോക്കാണ്.

2011-ലെ തിരഞ്ഞെടുപ്പിനുതൊട്ടുമുമ്പ് കോൺഗ്രസ് വിട്ട് എൻ.ആർ. കോൺഗ്രസ് രൂപവത്കരിച്ച രംഗസാമി അധികാരത്തിലെത്തിയത് വ്യക്തിപ്രഭാവംകൊണ്ടാണ്. ‘പുതുച്ചേരിയിലെ കാമരാജ് ’ എന്നറിയപ്പെട്ടിരുന്ന രംഗസാമി ഇപ്പോൾ ഇറങ്ങുന്നതും മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ടാണ്. പക്ഷേ, സഖ്യത്തിന്റെ നേതൃത്വം കൈക്കലാക്കാൻ ശ്രമിക്കുന്ന ബി.ജെ.പി.യുടെ നിലപാട് നിർണായകമാകും. കോൺഗ്രസിന്റെ മുൻ സംസ്ഥാന അധ്യക്ഷൻകൂടിയായ നമശിവായമായിരിക്കും ബി.ജെ.പി.യുടെ മുഖ്യമന്ത്രിസ്ഥാനാർഥി. കോൺഗ്രസ് സർക്കാരിൽ രണ്ടാം സ്ഥാനമുണ്ടായിരുന്ന നമശിവായം പാർട്ടിവിട്ടത് മുഖ്യമന്ത്രിസ്ഥാനത്തിന്റെ പേരിലാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കളത്തിലുണ്ടായിരുന്നില്ലെങ്കിലും കോൺഗ്രസ് ഹൈക്കമാൻഡിലുള്ള സ്വാധീനം ഉപയോഗിച്ച് മുഖ്യമന്ത്രിസ്ഥാനം നേടിയെടുത്ത നാരായണസാമിയുടെ ചുമലിലാണ് ഇത്തവണ തിരഞ്ഞെടുപ്പിന്റെ മുഴുവൻഭാരവും. ഡി.എം.കെ.യുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക അടക്കമുള്ള വലിയ വെല്ലുവിളിയാണ് നാരായണസാമി നേരിടുന്നത്.