തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മുകൾത്തട്ടിൽനിന്ന് സ്ഥാനാർഥികളെ കെട്ടിയിറക്കരുതെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പുസമിതി യോഗത്തിൽ നിർദേശമുയർന്നു. അതുപോലെ സ്വയംപ്രഖ്യാപിത സ്ഥാനാർഥികളായും ആരും ഇറങ്ങരുത്. 40-50 വയസ്സുകാരായിരിക്കും കൂടുതലും സ്ഥാനാർഥികൾ. സിറ്റിങ്‌ എം.എൽ.എ.മാരല്ലാത്തവരിൽ പുതുമുഖങ്ങൾക്കായിരിക്കും പ്രഥമ പരിഗണന. സ്ഥാനാർഥിനിർണയത്തിന് മാനദണ്ഡങ്ങൾ വേണമെന്ന ആവശ്യമുയർന്നു. എന്നാൽ, പൊതുധാരണ പാലിക്കാമെന്നല്ലാതെ, മാനദണ്ഡങ്ങൾ അടിച്ചേൽപ്പിക്കേണ്ടെന്നാണ് തീരുമാനം.

തിരഞ്ഞെടുപ്പുസമിതിയിലുള്ളവർക്കും എം.പി.മാർക്കും സ്ഥാനാർഥിത്വം നൽകാനുദ്ദേശിക്കുന്നവരുടെ പേരുകൾ എഴുതി കെ.പി.സി.സി. പ്രസിഡന്റിനു നൽകാം. വിവിധ സർവേകളിൽ കണ്ടെത്തിയ പേരുകളും ഇങ്ങനെ ലഭിക്കുന്ന പേരുകളും താരതമ്യപ്പെടുത്തിയാകും അന്തിമ തീരുമാനത്തിലേക്കു പോകുക. നിർദേശങ്ങൾ എഴുതി പ്രസിഡന്റിനെ ഏൽപ്പിക്കാമെന്ന വയലാർ രവിയുടെ നിർദേശം യോഗം അംഗീകരിക്കുകയായിരുന്നു.

ചില പ്രദേശങ്ങളിൽ ബൂത്തുതല പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന് എ.ഐ.സി.സി. ഭാരവാഹികൾ നിർദേശിച്ചു. അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിക്കുന്നതിനെതിരേ ശക്തമായ വികാരമുണ്ടായി. പ്രത്യേകിച്ചും തിരഞ്ഞെടുപ്പുസമയത്ത് നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടരുത്. അഭിപ്രായവ്യത്യാസങ്ങൾ മാധ്യമങ്ങളിലേക്കെത്താതിരിക്കാനും ശ്രദ്ധിക്കണമെന്നും നിർദേശിച്ചു. പ്രകടനപത്രിക കഴിവതും വേഗം പ്രസിദ്ധീകരിക്കാനും തീരുമാനമായി.