ചെന്നൈ: പ്രചാരണത്തിൽ ഏറെ മുന്നേറിയ ഡി.എം.കെ. സഖ്യം തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത് തികഞ്ഞ ശുഭാപ്തിവിശ്വാസത്തോടെ. എ.ഐ.എ.ഡി.എം.കെ. സഖ്യത്തിൽ ബി.ജെ.പി.യും ടി.എം.സി.യും മാത്രമാണ് ഇപ്പോഴുള്ളത്. ഡി.എം.ഡി.കെ., പി.എം.കെ. എന്നീ പാർട്ടികളുമായി സഖ്യമുണ്ടാക്കുന്നതുസംബന്ധിച്ച് എ.ഐ.എ.ഡി.എം.കെ.യിൽ ഇനിയും ധാരണയായിട്ടില്ല. ജയിൽമോചിതയായ ശശികല ചെറുപാർട്ടി നേതാക്കളെ സന്ദർശിച്ച് പിന്തുണ തേടുന്നത്‌ എ.ഐ.എ.ഡി.എം.കെ.യ്ക്ക് തലവേദനയായി.

ശശികലയുടെ സഹോദരന്റെ മകൻ ടി.ടി.വി. ദിനകരൻ രൂപവത്‌കരിച്ച അമ്മാ മക്കൾ മുന്നേറ്റ കഴകം (എ.എം.എം.കെ.) എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന പ്രഖ്യാപനം എ.ഐ.എ.ഡി.എം.കെ.യ്ക്ക് ഭീഷണിയാകും. ശശികലയ്ക്ക് മത്സരിക്കാൻ വിലക്കുണ്ടെങ്കിലും എ.എം.എം.കെ.യ്ക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന്‌ ദിനകരൻ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ.യോടൊപ്പം മത്സരിച്ചിരുന്ന പി.എം.കെ., ഡി.എം.ഡി.കെ. കക്ഷികൾ ഇനിയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. പി.എം.കെ. പ്രതിനിധാനംചെയ്യുന്ന വണ്ണിയാർ സമുദായത്തിന് 20 ശതമാനം സംവരണം ഏർപ്പെടുത്തിയാൽമാത്രമേ സഖ്യത്തിലേർപ്പെടൂവെന്ന് അവർ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരുസീറ്റൊഴികെ മറ്റു സീറ്റുകളെല്ലാം ഡി.എം.കെ. സഖ്യം നേടിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഡി.എം.കെ. സഖ്യം കൂടുതൽ കെട്ടുറപ്പുള്ളതാണ്. കോൺഗ്രസ്, ഇടതുപാർട്ടികൾ, എം.ഡി.എം.കെ., മുസ്‌ലിംലീഗ് തുടങ്ങിയവയാണ് ഡി.എം.കെ. സഖ്യത്തിലുള്ളത്. എ.ഐ.എ.ഡി.എം.കെ., ബി.ജെ.പി.യുമായി സഖ്യത്തിലായതിനാൽ ന്യൂനപക്ഷവോട്ടുകൾ ആകർഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഡി.എം.കെ.

വളരെ ചിട്ടയോടെയുള്ള പ്രവർത്തനമാണ് ഡി.എം.കെ. പ്രസിഡന്റ് സ്റ്റാലിന്റെ നേതൃത്വത്തിൽ നടക്കുന്നത്. ആദ്യഘട്ടത്തിൽ സംസ്ഥാനവ്യാപകമായി ഗ്രാമസഭകൾ സംഘടിപ്പിച്ച സ്റ്റാലിൻ, ഇപ്പോൾ നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണം നടത്തിവരുകയാണ്.

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ്, മുസ്‌ലിംലീഗ് പാർട്ടികൾ മാത്രമാണ് സഖ്യത്തിലുണ്ടായിരുന്നത്.