: പരിവർത്തനങ്ങൾ പലതു കണ്ട പശ്ചിമബംഗാൾ വീണ്ടുമൊരു രാഷ്ട്രീയദശാസന്ധിയിലാണ്. പുതിയൊരു ചരിത്രം പിറക്കുമോ എന്ന ആകാംക്ഷയാണ് തിരഞ്ഞെടുപ്പിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.

അധികാരത്തിലേറുന്നവരെ അയ്യഞ്ചുവർഷം കൂടുമ്പോൾ കൃത്യമായി മാറ്റുന്ന സീ-സോ രാഷ്ട്രീയമാണ് നാലു പതിറ്റാണ്ടിലേറെയായി മലയാളിക്ക് പരിചയം. എന്നാൽ, ബംഗാളികൾ ഇത്ര കൃത്യനിഷ്ഠ പാലിക്കാത്ത അലസരാണ്. ഭരിക്കാൻ ഒരുതവണ ഇരുത്തിയാൽ രണ്ടും മൂന്നും ഊഴങ്ങളൊക്കെ നിർല്ലോഭം കൊടുക്കും. സ്വാതന്ത്ര്യ ലബ്ധിമുതൽ രണ്ടുപതിറ്റാണ്ട് കോൺഗ്രസിനായിരുന്നു ഭരണത്തുടർച്ച. 67 മുതൽ 71 വരെ മാത്രം സ്ഥിതി അല്പം വ്യത്യസ്തമായി. ആർക്കും കൃത്യമായ ഭൂരിപക്ഷമില്ലാതെ വന്നപ്പോൾ ഐക്യമുന്നണി എന്ന പരീക്ഷണത്തിന്റെ ഭാഗമായി ഇടതും ബംഗ്ളാ കോൺഗ്രസും ഒന്നിച്ചുഭരിച്ചു. 72-ൽ വീണ്ടും കോൺഗ്രസ്.

അടിയന്തരാവസ്ഥയ്ക്കു ശേഷം കോൺഗ്രസിന് ബംഗാൾ ഗൃഹാതുരസ്മരണ മാത്രമായി. ഇടതിന് സ്വന്തം നിലയിൽ സംസ്ഥാനഭരണത്തിന് ആദ്യ അവസരം.

എന്നാൽ, ഇടതുമുന്നണിയുടെ 34 വർഷത്തെ തുടർഭരണത്തിന് 2011-ൽ ബംഗാൾ ജനത വിരാമമിട്ടു. തൃണമൂൽ സർക്കാർ അധികാരം പിടിച്ചു. ശാരദാ ചിട്ടിഫണ്ട് തട്ടിപ്പടക്കം സഹസ്രകോടികളുടെ ചിട്ടി തട്ടിപ്പുകളും നാരദ ഒളിക്യാമറ വിവാദവും പിടിച്ചുകുലുക്കിയെങ്കിലും 2016-ൽ വർധിത വീര്യത്തോടെ തൃണമുൽ വീണ്ടും വരുകയാണ് ചെയ്തത്. 2016-ൽ കേവലം മൂന്നുസീറ്റു മാത്രം ലഭിച്ച ബി.ജെ.പി. ഇന്ന് സംസ്ഥാനത്തെ രണ്ടാം വലിയകക്ഷിയായി മമതയെ വിറപ്പിക്കുന്നു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരു കക്ഷികളുടെയും വോട്ട് ശതമാനത്തിലുള്ള വ്യത്യാസം മൂന്നുശതമാനം മാത്രമാണ്. 43-ഉം 40-ഉം. 22 സീറ്റുകൾ കിട്ടിയ തൃണമൂലിനെക്കാൾ നാല് സീറ്റ് മാത്രം കുറവേ ബി.ജെ.പി.ക്ക്‌ ഉണ്ടായിരുന്നുള്ളു- 18. ലോക്‌സഭാ വോട്ട് കണക്കനുസരിച്ച് സംസ്ഥാനത്തെ 126 നിയമസഭാ മണ്ഡലങ്ങളിൽ അവർ ഒന്നാമതെത്തി. പക്ഷേ, സംസ്ഥാനഭരണം പിടിക്കാൻ കുറഞ്ഞത് 148 സീറ്റുവേണം. ഇതിനായുള്ള അവസാന വട്ട കുതിപ്പിലാണ് ബി.ജെ.പി. ഇതിനെ ഏതുവിധേനയും ചെറുക്കാൻ ഭരണകക്ഷിയും രംഗത്തിറങ്ങുമ്പോൾ തിരഞ്ഞെടുപ്പ് ഗോദയിൽ ചോര കൂടുതലായി വീഴാനാണ് സാധ്യത. ഇപ്പോൾത്തന്നെ ദിവസംതോറും കൊലപാതകവും അക്രമവും റിപ്പോർട്ട് ചെയ്യുന്ന അവസ്ഥയാണ്.