തിരുവനന്തപുരം: കേരള കോൺഗ്രസ്‌ ഒഴികെയുള്ള സീറ്റ് വിഭജനം യു.ഡി.എഫിൽ ഏതാണ്ട് പൂർത്തിയാകുന്നു. കോൺഗ്രസ് തൊണ്ണൂറിലധികം സീറ്റുകളിൽ മത്സരിക്കും. മുസ്‌ലിംലീഗിന് രണ്ടുസീറ്റ് അധികം കിട്ടും. മത്സരിക്കുന്ന സീറ്റുകൾ 26 ആകും. കേരള കോൺഗ്രസ് ജോസഫ് 12 സീറ്റുകൾക്കായി പിടിമുറുക്കി. പരമാവധി ഒമ്പതുസീറ്റാണ് കോൺഗ്രസിന്റെ വാഗ്ദാനം. ശാരീരികബുദ്ധിമുട്ടുമൂലം തിരുവനന്തപുരത്ത് എത്താഞ്ഞതിനാൽ പി.ജെ. ജോസഫുമായുള്ള ചർച്ച വെള്ളിയാഴ്ച നടന്നില്ല.

ആർ.എസ്.പി. കഴിഞ്ഞപ്രാവശ്യം മത്സരിച്ച അഞ്ചുസീറ്റുകളെന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ടുവെച്ചത്. എന്നാൽ, ആറ്റിങ്ങലിനു പകരം വാമനപുരവും കയ്പമംഗലത്തിനുപകരം അമ്പലപ്പുഴയും ആർ.എസ്.പി. ചോദിച്ചിട്ടുണ്ട്. സീറ്റ് എണ്ണം അഞ്ചിൽനിന്ന് ആറാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

സി.എം.പി., കേരള കോൺഗ്രസ് ജേക്കബ്, ഫോർവേഡ് ബ്ലോക്ക് കക്ഷികൾക്ക് ഓരോ സീറ്റ് ലഭിക്കാനാണ് സാധ്യത. സി.പി. ജോണിന് ഉറപ്പുള്ള ഒരു മണ്ഡലമെന്ന പരിഗണനയുണ്ട്. മൂന്നുസീറ്റാണ് സി.എം.പി. ചോദിച്ചത്. മാണി സി. കാപ്പന്റെ നാഷണലിസ്റ്റ് കോൺഗ്രസ് കേരളയ്ക്കും ഒന്നോ രണ്ടോ സീറ്റ് നൽകും. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ മത്സരിക്കാൻ ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനെ നിയോഗിക്കുന്ന കാര്യം മുന്നണി പരിഗണിക്കുന്നു.

ബുധനാഴ്ച യു.ഡി.എഫ്. നേതൃയോഗം ചേരുന്നുണ്ട്. സീറ്റുസംബന്ധിച്ച അന്തിമധാരണയായാൽ കോൺഗ്രസ് സ്ഥാനാർഥിനിർണയ ചർച്ചകളിലേക്ക് നീങ്ങും. കഴിഞ്ഞദിവസം ചേർന്ന കോൺഗ്രസ് തിരഞ്ഞെടുപ്പുസമിതിയിൽ അംഗങ്ങൾ സ്ഥാനാർഥികളുടെ പേര് കെ.പി.സി.സി. പ്രസിഡന്റിന് എഴുതിനൽകാൻ നിർദേശിച്ചിരുന്നു. അവകൂടി പരിശോധിച്ച് മാർച്ച് ആദ്യം തന്നെ ഡൽഹിയിലെ ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കൾ പോകും.