തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യും സി.പി.എമ്മും തമ്മിൽ ധാരണയുണ്ടെന്നും പത്തുസീറ്റുകളിൽ ബി.ജെ.പി.യെ ജയിപ്പിക്കാനുള്ള അണിയറനീക്കമാണ് സി.പി.എം. നടത്തുന്നതെന്നും കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ബാക്കിയുള്ള മണ്ഡലങ്ങളിൽ സി.പി.എമ്മിനെ സഹായിക്കാൻ ബി.ജെ.പി.യും ധാരണയാക്കിയിട്ടുണ്ട്. 30-ൽ കൂടുതൽ സീറ്റുകളിൽ ബി.ജെ.പി. ജയിക്കുമെന്ന ബി.ജെ.പി. അധ്യക്ഷന്റെ അവകാശവാദം മൗഢ്യമാണ്. സ്വപ്നലോകത്തിരുന്ന് ആർക്കും എന്തും പറയാം.

കോൺഗ്രസിൽ സീറ്റ് വിഭജനം സംബന്ധിച്ച് പ്രാഥമികഘട്ട ചർച്ചകൾ പൂർത്തിയായി. തുടർചർച്ചകൾ ത്വരിതഗതിയിൽ പൂർത്തിയാക്കും. തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസും യു.ഡി.എഫും പൂർണസജ്ജമാണ്. റെക്കോഡ്‌ ഭൂരിപക്ഷത്തിൽ യു.ഡി.എഫ്. അധികാരത്തിൽ വരും. ജനസ്വീകാര്യതയും വിജയസാധ്യതയുമുള്ള സ്ഥാനാർഥികളെയായിരിക്കും കോൺഗ്രസ് മത്സരരംഗത്ത് ഇറക്കുകയെന്നും മുല്ലപ്പള്ളി പറഞ്ഞു.