കണ്ണൂർ: കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിലെ ഇക്കോളജിക്കൽ പാരസിറ്റോളജി ആൻഡ് ട്രോപ്പിക്കൽ ബയോഡൈവേഴ്‌സിറ്റി ലബോറട്ടറിയിലെ ഗവേഷകരുടെ പരാദശാസ്ത്ര ഗവേഷണത്തിലൂടെയുള്ള കണ്ടെത്തലിന് അന്തർദേശീയ അംഗീകാരം. പശ്ചിമഘട്ട മേഖലയിലെ ജൈവവൈവിധ്യ പഠന-ഗവേഷണങ്ങൾക്ക് മാർഗദർശിയാകാവുന്ന ഈ പഠനം ലണ്ടനിലെ കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിക്കുന്ന അന്തർദേശീയ ജേണൽ ആയ ജേണൽ ഓഫ് ഹെൽമിന്തോളജിയുടെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു.

ജന്തുശാസ്ത്ര പഠനവിഭാഗം തലവനായ ഡോ. പി.കെ.പ്രസാദൻ, ഗവേഷകരായ കെ.ഷിനാദ്, ഷെറിൻ ചാക്കോ, കെ.അരുഷ എന്നിവർ ചേർന്ന് കഴിഞ്ഞ മൂന്നുവർഷങ്ങളായി നടത്തിയ പഠനത്തിനാണ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്. ആവാസവ്യവസ്ഥയിലെ ഭക്ഷ്യ ശൃംഖലയിൽപ്പെട്ട രണ്ടോ അതിലധികമോ ജീവികളെ ആശ്രയിച്ച് ജീവിത ചക്രം പൂർത്തീകരിക്കുന്ന പത്രവിര (ട്രിമറ്റോഡുകൾ) വിഭാഗത്തിൽപ്പെടുന്ന പരാദങ്ങളിൽപ്പെട്ട ലെസിതോഡൻഡ്രിടെ കുടുംബത്തിലെ പ്ലൂറോജനോയിഡസ് വയനാടെൻസിസ് ഷിനാദ് ആൻഡ് പ്രസാദൻ 2018 എന്ന്‌ പേര് നൽകിയ സ്പീഷീസിന്റെ ജീവിതചക്രം പ്രകൃതിയിൽ കണ്ടെത്തുകയും തുടർച്ചയായ പരീക്ഷണങ്ങളിലൂടെ പരീക്ഷണശാലയിൽ സ്ഥിരീകരിക്കുകയും ചെയ്തതിനാണ് അംഗീകാരം.

സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സാമ്പത്തികസഹായത്തോടെയാണ് പഠനം നടത്തിയത്. ഒട്ടാഗോ സർവകലാശാലയിലെ ജന്തുശാസ്ത്ര വിഭാഗം പ്രൊഫസർ റോബർട്ട് പൗളിൻ, കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫ. ലഫേർട്ടി എന്നിവർ ഈ പഠനത്തിന് സാങ്കേതികസഹായം നൽകി. ഇത്തരം പരാദങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ സഹായകമാകുമെന്ന് ജന്തുശാസ്ത്ര പഠനവിഭാഗം തലവനായ ഡോ. പി.കെ.പ്രസാദൻ പറഞ്ഞു.

ഒച്ചുകൾ, തുമ്പികളുടെ ലാർവ, തവളകൾ എന്നിവയിലൂടെയാണ് പ്ലൂറോജനോയിഡസ് വയനാടെൻസിസ് ജീവിതചക്രം പൂർത്തിയാക്കുന്നതെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ലോകത്തിലെ എഴാമതും ഇന്ത്യയിലെ നാലാമത്തെയുമാണ് ഈ കണ്ടെത്തൽ. മൂന്നിനം പുതിയ പരാദങ്ങളെയും വയനാട്ടിൽനിന്ന് 2018-ൽ ഇവർ കണ്ടെത്തിയത് സ്പ്രിങ്ങർ പ്രസിദ്ധീകരിക്കുന്ന ജേണൽ ഓഫ് പാരസിറ്റിക് ഡിസീസസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.