കൊല്ലം : ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് തുടങ്ങാനുള്ള നീക്കം പോലീസ് തടഞ്ഞു. ഏകപക്ഷീയമായി ടോൾ പിരിവ് തുടങ്ങിയാലുണ്ടായേക്കാവുന്ന ക്രമസമാധാനപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇടപെട്ടത്. സംസ്ഥാന സർക്കാരിന്റെ അനുമതിലഭിച്ചാലേ ടോൾപ്ലാസ തുറക്കാനാകൂവെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ആവശ്യമില്ലെന്ന നിലപാടിലാണ് ദേശീയപാത അതോറിറ്റി.

ബൈപ്പാസിലെ ടോൾപിരിവ് ഒഴിവാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ആറുവരിപ്പാത പൂർത്തിയാകുംവരെ ടോൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി ചെയർമാന് മന്ത്രി കത്തുനൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിമാത്രമാണ് ബൈപ്പാസിൽ ടോൾ പിരിവ് തുടങ്ങുന്നതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചതെന്നും ഉടൻതന്നെ ടോൾ പിരിവ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിൻറെ തീരുമാനം ദേശീയപാതാ അതോറിറ്റിയെ അറിയിച്ചെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു. സംസ്ഥാനസർക്കാരിന് റോഡുകൾക്കും പാലങ്ങൾക്കും ടോൾ പിരിക്കുന്നതിനോട് താത്പര്യം ഇല്ലെന്നുള്ളത് നേരത്തേതന്നെ കേന്ദ്രത്തെ അറിയിച്ചിട്ടുള്ളതാണ്. എന്നാൽ ടോൾ പിരിക്കാതിരിക്കാൻ കഴിയില്ലെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.