കൊല്ലം : സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് രൂപവത്കരിച്ച നവോത്ഥാനമൂല്യ സംരക്ഷണ സമിതിയിൽനിന്ന് കേരള പുലയർ മഹാസഭ(കെ.പി.എം.എസ്.) പിൻവാങ്ങുന്നു. ശബരിമല യുവതീപ്രവേശന വിഷയത്തിലടക്കമുള്ള ഇടതുസർക്കാരിന്റെ സമീപകാല നിലപാടുമാറ്റം മൂലമാണ് സംഘടന സമിതിയോട് മുഖംതിരിക്കുന്നത്.

ജനുവരി 19-ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത സമിതി സംസ്ഥാനതല യോഗത്തിൽ കെ.പി.എം.എസ്. പ്രതിനിധികൾ പങ്കെടുത്തില്ല. ജില്ലകളിൽ നടന്ന സമിതി യോഗങ്ങളിലും കെ.പി.എം.എസ്. പ്രതിനിധികൾ പോയില്ല. ശബരിമല വിഷയത്തെ തുടർന്ന് സർക്കാർ രൂപവത്കരിച്ച നവോത്ഥാനമൂല്യ സംരക്ഷണ സമിതിക്ക്, പിന്നീട് സ്ഥിരം സംഘടനാ സംവിധാനമുണ്ടാക്കുകയായിരുന്നു. വെള്ളാപ്പള്ളി നടേശൻ പ്രസിഡന്റും പുന്നല ശ്രീകുമാർ ജനറൽ സെക്രട്ടറിയുമായി നിലവിൽവന്ന സമിതിക്ക് പിന്നീട് ജില്ലാതലത്തിലും ഘടകങ്ങൾ നിലവിൽ വന്നു.

അഞ്ചുവർഷംമുന്പ് യു.ഡി.എഫുമായി അടുപ്പത്തിലായിരുന്ന, കെ.പി.എം.എസിന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എയ്‌ഡഡ് കോളേജ് അനുവദിച്ചിരുന്നു. എൽ.ഡി.എഫ്. സർക്കാർ വന്നശേഷം കെ.പി.എം.എസ്. അവരുമായി അടുത്തു. തൃശ്ശൂരിൽ നടന്ന സംസ്ഥാന സമ്മേളനം മുഖ്യമന്ത്രിയായിരുന്നു ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മാവേലിക്കര ഒഴികെയുള്ള മണ്ഡലങ്ങളിൽ ഇടതുമുന്നണിക്ക് അനുകൂലമായിരുന്നു സംഘടന.

ഇടതുമുന്നണിയുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും അടുപ്പമുണ്ടായിരുന്ന കെ.പി.എം.എസ്. പുന്നലവിഭാഗം ഇപ്പോൾ രണ്ട് മുന്നണികളോടും തുല്യ അകലം പാലിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ സംഘടന എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല.

ശനിയാഴ്ച കൊല്ലത്ത് ചേരുന്ന സംസ്ഥാന സമ്മേളനത്തിൽ ഇതുസംബന്ധിച്ച ചർച്ചയും തീരുമാനവുമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ശബരിമല വിഷയത്തിലെ സർക്കാരിന്റെ നയംമാറ്റത്തിൽ കെ.പി.എം.എസിന് അതൃപ്തിയുണ്ട്. ഇത് രാഷ്ടീയ നിലപാടിനെ സ്വാധീനിക്കുമെന്ന് നേതാക്കൾ പറയുന്നു.

ആശയപരമായി വിയോജിപ്പ്

: നവോത്ഥാനമൂല്യ സംരക്ഷണ സമിതിയിൽനിന്ന് ഞങ്ങൾ രാജി െവച്ചിട്ടില്ല. സർക്കാരുമായുള്ള ആശയപരമായ വിയോജിപ്പിനെ തുടർന്നാണ് യോഗങ്ങളിൽ പങ്കെടുക്കാതിരുന്നത്. ശബരിമലവിഷയത്തിൽ കേരളത്തിലെ മൂന്ന് മുന്നണികൾക്കും ഒരേ നിലപാടാണ്. സംസ്ഥാന സമ്മേളനത്തിൽ രാഷ്ട്രീയനിലപാട് ചർച്ചചെയ്ത് തീരുമാനിക്കും.

വി.ശ്രീധരൻ,

സംസ്ഥാന പ്രസിഡന്റ്,

കെ.പി.എം.എസ്.