കോന്നി(പത്തനംതിട്ട): വസ്തുവിന്റെ കരം ഒടുക്കിയ രസീതിന്റെ കോപ്പിയുമായി പഞ്ചായത്തംഗത്തെ കണ്ടാൽ തൊഴിലുറപ്പുപണിക്കിറങ്ങാവുന്ന രീതിക്ക് അടിമുടിമാറ്റം വരുന്നു. ജിസിൽ (ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം) ഉൾപ്പെട്ട സ്ഥലങ്ങളിലേ ഇനി തൊഴിലുറപ്പുകാരുടെ സേവനം കിട്ടൂ.

വസ്തു ഉടമ തൊഴിൽകാർഡ് നേടണമെന്നുമുണ്ട്. സേവനം വേണ്ട സ്ഥലങ്ങളുടെ പ്ലാൻ തയ്യാറാക്കുന്ന നടപടി തുടങ്ങി. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലാണ് സർവേ.

പരിശീലനം കിട്ടിയ തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റുമാരാണ് സർവേ നടത്തുന്നത്. വീട്ടുടമയുടെ വസ്തുവിന്റെ സർവേ നമ്പരും ആവശ്യമുള്ള പണികളുടെ എണ്ണവും ഇവർ ചോദിച്ച് മനസ്സിലാക്കും. വിവരങ്ങൾ മൊബൈൽ ആപ്പിലൂടെയാണ് ശേഖരിക്കുന്നത്. മഴക്കുഴി, കിണർ, കയ്യാല, കാലിത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട് എന്നിങ്ങനെ 260 നിർമാണങ്ങളുടെ പട്ടികയാണ് തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് സർവേ.

സർവേയിൽ വസ്തു ഉടമകൾ ആവശ്യപ്പെടുന്ന പണികൾക്കേ തൊഴിലുറപ്പുപണിക്കാരെ നിയോഗിക്കൂ. വിവരങ്ങളുടെ അടിസ്ഥാനത്തിൽ വർക്കിങ്‌ പ്ലാൻ തയ്യാറാക്കും. ഓരോ നിർമാണ പ്രവർത്തനത്തിനും എത്ര മനുഷ്യ അധ്വാനം വേണമെന്നുള്ളതും മുൻകൂട്ടി നിശ്ചയിക്കും.

വർക്കിങ്‌ പ്ലാൻ, ഓരോ പഞ്ചായത്തിലെ പണികൾ എന്നിവ സംബന്ധിച്ച് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന ഡയറക്ടറേറ്റിലും വിവരം കിട്ടും. തൊഴിലുറപ്പുപദ്ധതികളിലെ ജോലികൾക്ക് കേന്ദ്രീകൃത സ്വഭാവം വരും. ജോലികൾ കാര്യക്ഷമമാക്കാനും മനുഷ്യ അദ്ധ്വാനം ഫലവത്തായി ഉപയോഗിക്കാനുമാണ് പുതിയ സംവിധാനം.

എല്ലാ പഞ്ചായത്തുകളിലേക്കും ഈ രീതി വ്യാപിപ്പിക്കും. മൂന്നുവർഷംമുതൽ അഞ്ചുവർഷംവരെ കാലയളവിൽ പൂർത്തിയാക്കേണ്ട ജോലികൾ വർക്കിങ്‌ പ്ലാനിൽ ഉൾപ്പെടുത്തും. തൊഴിലുറപ്പുപണികൾക്ക് വ്യക്തമായ മാനദണ്ഡവും വരും.