പത്തനംതിട്ട: ശബരിമലയിലെ മാസപൂജാവേളയിൽ വെർച്വൽ ക്യൂ സംവിധാനം ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ തുലാമാസപൂജമുതൽ ഏർപ്പെടുത്തിയ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്ത തീർഥാടകരിൽ പകുതിപ്പേർപോലും എത്താത്ത സാഹചര്യത്തിലാണിത്. മണ്ഡല, മകരവിളക്കുകാലത്തുമാത്രം വെർച്വൽ ക്യൂ മതിയെന്നാണ് ബോർഡ് പറയുന്നത്.

മീനമാസപൂജമുതൽ വെർച്വൽ ക്യൂ ഒഴിവാക്കണമെന്ന് സർക്കാരിനോട് ബോർഡ് ആവശ്യപ്പെടും. എന്നാൽ, ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന്റെ അഭിപ്രായം നിർണായകമാകും.

കഴിഞ്ഞ മാസപൂജയ്ക്ക് 20,000 പേർ ബുക്ക് ചെയ്തതിൽ 10,049 പേർ മാത്രമേ ദർശനത്തിനെത്തിയുള്ളൂ. നടവരവും കുറഞ്ഞു. ആകെ നാലുലക്ഷം രൂപയിൽ താഴെയേ ലഭിച്ചുള്ളൂ. ഈ നില തുടർന്നാൽ സാമ്പത്തികമായി പിടിച്ചുനിൽക്കാനാകില്ലെന്ന് ബോർഡ് നേരത്തേതന്നെ സർക്കാരിനെ അറിയിച്ചിരുന്നു.

ദിനംപ്രതി 15,000 പേരെ വീതം അനുവദിക്കണമെന്ന് കഴിഞ്ഞ തവണ സർക്കാരിനോട് തിരുവിതാകൂർ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടെങ്കിലും ആരോഗ്യവകുപ്പ് എതിർത്തിരുന്നു. ഇത്തവണത്തെ ശബരിമല ഉത്സവം മീനമാസത്തിൽത്തന്നെ നടത്താനും തീരുമാനിച്ചു. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് കഴിഞ്ഞവർഷം ഉത്സവം നടത്തിയിരുന്നില്ല.