കുമളി: ആന്ധ്രയിൽനിന്ന്‌ ചെക്ക്‌പോസ്റ്റിലൂടെ കാറിൽ കടത്താൻ ശ്രമിച്ച 1.30 കോടി രൂപയുടെ ഹാഷിഷ് ഓയിലും കഞ്ചാവുമായി മൂന്നംഗ സംഘത്തെ കുമളി എക്സൈസ് സംഘം പിടികൂടി.

കട്ടപ്പന ദൈവംമേട് സ്വദേശി എടാട്ട് തറയിൽ പ്രദീപ് (30), ശാന്തിഗ്രാം പാറത്തരികത്ത് വീട്ടിൽ മഹേഷ് (26), വാഴവര എട്ടാം മൈൽ സ്വദേശി ചേറ്റുകുഴിയിൽ വീട്ടിൽ റെനി (40) എന്നിവരാണ് പിടിയിലായത്.

എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്വകാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 20 കിലോ കഞ്ചാവും 1.100 കിലോ ഹാഷിഷ് ഓയിലുമായി മൂന്നംഗ സംഘം വെള്ളിയാഴ്ച രാവിലെ പിടിയിലായത്.

ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര വിപണിയിൽ ഒരു കോടിയിലധികം രൂപ വില മതിക്കും. 21 കിലോ കഞ്ചാവിന് 25 ലക്ഷത്തിലധികം രൂപ വില വരും.

കട്ടപ്പന സ്വദേശിയുടെ നിർദേശത്തെത്തുടർന്ന് ആന്ധ്രാപ്രദേശിലെത്തിയ മൂന്നംഗ സംഘത്തിന് ഇടപാടുകാർ നേരിട്ട് കഞ്ചാവും ഹാഷിഷ് ഒായിലും നൽകുകയായിരുന്നു.

പ്രതികളിലൊരാളായ പ്രദീപ് കഴിഞ്ഞ ദിവസമാണ് ജുവനൈൽ കേസ് കഴിഞ്ഞ് പുറത്തിറങ്ങിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലയിൽ വലിയൊരു സംഘം തന്നെ ഇവരുടെ പിന്നിലുണ്ടെന്നും എല്ലാവരെയും പിടികൂടുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേസിലെ പ്രതികളെ തുടരന്വേഷണങ്ങൾക്കായി വണ്ടിപ്പെരിയാർ എക്സൈസ് റേഞ്ചോഫീസിന് കൈമാറി.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സക്വാഡിലെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാരായ ടി.അനികുമാർ, ജി.കൃഷ്ണകുമാർ, എക്സൈസ് ഇൻസ്‌പെക്ടർ ടി.ആർ.മുകേഷ് കുമാർ, അസി. എക്സൈസ് ഇൻസ്‌പെക്ടർ എസ്.മധുസൂധനൻ നായർ, പ്രിവന്റീവ് ഓഫീസർ രാജ്കുമാർ ബി., സിവിൽ എക്സൈസ് ഓഫീസർമാരായ പി.സുബിൻ, എസ്.ഷംനാദ്, ആർ.രാജേഷ്, അനീഷ് റ്റി.എ., കുമളി എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്‌പെക്ടർ പി.ഇ.ഷൈബു, പ്രിവന്റീവ് ഓഫീസർ രവി വി., സിവിൽ എക്സൈസ് ഓഫീസർമാരായ ജോബി തോമസ്, നദീർ കെ.ഷംസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.