തിരുവനന്തപുരം: പോരടിച്ചുനിന്നവർക്കും ഒന്നിക്കാമെന്നും അതിലൂടെ മാതൃകാഭരണം തീർക്കാമെന്നും കേരളത്തിന് കാണിച്ചുതന്ന ഭരണമുന്നണി കൂട്ടുകെട്ടിന് അരനൂറ്റാണ്ട്. സി. അച്യുതമേനോന്റെ നേതൃത്വത്തിൽ കേരളത്തിൽ അധികാരത്തിലിരുന്ന ആദ്യ കമ്യൂണിസ്റ്റ്-കോൺഗ്രസ് കൂട്ടുകെട്ട് ഭരണത്തിന് ശനിയാഴ്ച 50 വർഷം പൂർത്തിയായി.

കുടികിടപ്പുകാരനും പാട്ടക്കർഷകർക്കും ഭൂമി, 70 നിയമനിർമാണം, 45 പൊതുമേഖലാസ്ഥാപനങ്ങൾ, ആദ്യ കാർഷിക സർവകലാശാല, ജനകീയപങ്കാളിത്തത്തോടെയുള്ള പദ്ധതികൾ, വിദേശനിക്ഷേപമടക്കം കേരളത്തിലെത്തിച്ച് വ്യവസായമേഖലയിലുണ്ടാക്കിയ മാറ്റം, അച്യുതമേനോൻ ഭരണം എല്ലാഅർഥത്തിലും ‘കേരളമോഡൽ’ ആയിരുന്നു. 50 ആണ്ടിനിപ്പുറവും ഒരു ഭരണകൂടത്തിനും തകർക്കാനാകാത്ത നേട്ടമാണ് ആ സർക്കാരിന്റെ അക്കൗണ്ടിലുള്ളത്. 1969 നവംബർ ഒന്നിനാണ് അച്യുതമേനോൻ അധികാരത്തിലെത്തുന്നത്. ഈ ഭരണത്തിൽ കോൺഗ്രസ് പങ്കാളിയാകുന്നത് 1971 സെപ്റ്റംബർ 25-നാണ്.

തൃശ്ശൂരിന്റെ മണ്ണിൽനിന്ന് കലഹിച്ചുതുടങ്ങിയ കെ. കരുണാകരുനും സി. അച്യുതമേനോനും അസ്വാരസ്യങ്ങളില്ലാതെ ഒരുമിച്ച് കേരളത്തെ നയിച്ചു. 1957-ൽ കൊണ്ടുവന്ന ഭൂപരിഷ്കരണനിയമം നടപ്പാക്കിയത്‌ അച്യുതമേനോനാണ്. 26 ലക്ഷം കുടികിടപ്പുകാർക്ക് പട്ടയം നൽകി. വീടില്ലാത്തവർക്ക് വീടൊരുക്കാൻ കൊണ്ടുവന്ന ലക്ഷംവീട് പദ്ധതി, ആദ്യത്തെ ജനകീയ പങ്കാളിത്തത്തോടെയുള്ള പദ്ധതികൂടിയാണ്. തിരുവനന്തപുരത്ത് ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ട് സർക്കാർ ഏറ്റെടുക്കുന്നതും റീജണൽ കാൻസർ സെന്റർ തുടങ്ങുന്നതും ഇക്കാലത്താണ്. സ്വകാര്യ ഉടമകൾ കശുവണ്ടി ഫാക്ടറികൾ അടച്ചതോടെ തൊഴിലാളികൾ പട്ടിണിയിലേക്ക് മാറിയപ്പോഴാണ്, ആ ഫാക്ടറികൾ സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചത്. അതിനാണ് കാഷ്യുകോർപ്പറേഷൻ സ്ഥാപിച്ചത്.

സർക്കാർ ജീവനക്കാർക്ക് അഞ്ചുവർഷത്തിലൊരിക്കൽ ശമ്പളപരിഷ്കരണം, സർവീസിലിരിക്കേ മരണപ്പെടുന്നവരുടെ ആശ്രിതർക്ക് നിയമനം, ഗ്രാറ്റ്വിറ്റി നിയമം, വികസന കാര്യങ്ങൾക്ക് പദ്ധതി ആസൂത്രണം ചെയ്യാൻ പ്ലാനിങ് ബോർഡ്, കെൽട്രോൺ എന്ന ഇന്ത്യയിൽ ആദ്യമായി പൊതുമേഖലയിൽ ഇലക്‌ട്രോണിക്സ് യൂണിറ്റ്, ഹൗസിങ് ബോർഡ് അങ്ങനെ എണ്ണിപ്പറയാൻ ഏറെയുണ്ട് അച്യുതമേനോൻ സർക്കാരിന്. ജീവനക്കാരുടെ സമരത്തിന് ഡയസ്നോൺ കൊണ്ടുവന്നതും ഇതേ സർക്കാരാണ്.

കോൺഗ്രസ് പങ്കാളിത്തത്തോടെയുള്ള അച്യുതമേനോൻ സർക്കാർ പഴയ ഇ.എം.എസ്. സർക്കാർ തുടങ്ങിെവച്ച പദ്ധതികൾക്ക് തുടർച്ചയൊരുക്കാനും ശ്രദ്ധിച്ചു. അത് ഭൂപരിഷ്കരണത്തിൽ മാത്രമായി ഒതുങ്ങിയില്ല. എല്ലാപഞ്ചായത്തിലും ഒരു സ്കൂൾ, ഒരു ആശുപത്രി എന്ന ഇ.എം.എസ്. സർക്കാരിന്റെ പദ്ധതി ലക്ഷ്യത്തിലെത്തിച്ചത് അച്യുതമേനോനായിരുന്നു.

അടിയന്തരാവസ്ഥകാലത്തെ പോലീസ് ഭരണവും, രാജൻകേസ് എന്ന കറുത്ത ഏടുമാണ് അച്യുതമേനോൻ സർക്കാരിന്റെ പ്രഭകുറച്ചത്. പക്ഷേ, ഭരണകാലം കേരളത്തിന്റെ വികസനത്തിനും വളർച്ചയ്ക്കും നട്ടെല്ലൊരുക്കി എന്നതിൽ ഒരുതർക്കവുമില്ല. കേരളത്തിലാദ്യമായി ഭരണത്തുടർച്ചയുണ്ടായതും ഈ സഖ്യത്തിന് തന്നെയായിരുന്നു എന്നതും ചരിത്രം.

അച്യുതമേനോൻ സർക്കാർ സ്ഥാപിച്ച മറ്റ് പ്രധാന സ്ഥാപനങ്ങൾ

* സിവിൽ സപ്ലൈസ് കോർപ്പറേഷൻ

* കെ.എസ്.എഫ്.ഇ.

* സെന്റർഫോർ വാട്ടർ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ്

* സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ

* കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്

* കേരള വനം വികസന കോർപ്പറേഷൻ

* നാളികേര വികസന കോർപ്പറേഷൻ

* കേരള ലൈഫ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ്

* മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ

* കേരള ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ

* കേരള ഡിറ്റർജന്റ്‌സ് ആൻഡ് കെമിക്കൽ ലിമിറ്റഡ്

* കേരള ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ്

* കേരള ഷോപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ

* സ്റ്റീൽ കോംപ്ലക്‌സ്

* സംസ്ഥാന പട്ടികജാതി വികസന കോർപ്പറേഷൻ

* സംസ്ഥാന റൂറൽ ഡെവലപ്‌മെന്റ് ബോർഡ്

* സംസ്ഥാന ബാംബു കോർപ്പറേഷൻ

* സീതാറം ടെക്‌സ്റ്റൈൽസ്

* സംസ്ഥാന ടെക്‌സ്റ്റൈൽ കോർപ്പറേഷൻ

* റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡ്

* കേരള ഗാർമെന്റ്‌സ് ലിമിറ്റഡ്

* കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ്

* അർബൻ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ

* ലാൻഡ് ഡെവലപ്‌മെൻ് കോർപ്പറേഷൻ

* സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ

* കാംകോ

* സ്റ്റീൽ ഇൻഡ്ട്രീസ് കേരള ലിമിറ്റഡ്

* കേരള കൺസ്ട്രക്‌ഷൻ കോർപ്പറേഷൻ

* സ്കൂട്ടേഴ്‌സ് കേരള ലിമിറ്റഡ്

* ആസ്ട്രൽ വാച്ചസ് ലിമിറ്റഡ്