വണ്ടിപ്പെരിയാർ: സത്രം എയർസ്ട്രിപ്പിന്റെ പൂർത്തീകരണത്തിനായി വനംവകുപ്പ് മന്ത്രിയുടെ നിർദേശത്തെ തുടർന്ന് കോട്ടയം ഡി.എഫ്.ഒ., എൻ.സി.സി. ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സത്രത്തിൽ സന്ദർശനം നടത്തി.

650 മീറ്റർ നീളമുള്ള എയർസ്ട്രിപ്പിന്റെ പൂർത്തീകരണത്തിന് വനംവകുപ്പിന്റെ ഭൂമിയിൽ കുറച്ച് നിർമാണം ആവശ്യമാണെന്നിരിക്കെ വനംവകുപ്പ് തടസ്സമുന്നയിച്ചിരുന്നു.

പതിനൊന്നരയേക്കർ സ്ഥലമാണ് എൻ.സി.സി. എയർ സ്ട്രിപ്പിന് ആവശ്യപ്പെട്ടത് കൂടാതെ വൈദ്യുതി, റോഡ്, വെള്ളം എന്നിവ ഇവിടേക്ക്‌ എത്തിക്കുന്നതിന് വനംവകുപ്പിന്റെ അനുമതി അനിവാര്യമാണ്. സ്ഥിതിഗതികൾ വിലയിരുത്തി ഉന്നതാധികാരികൾക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് കോട്ടയം ഡി.എഫ്.ഒ. എൻ.രാജേഷ് പറഞ്ഞു.

മണ്ണൊലിപ്പ് തടയുന്നതിനായി റൺവേയുടെ താഴെ ഭാഗത്തായി മണ്ണ് നീക്കംചെയ്തു കൊണ്ടിരുന്നത് വനം വകുപ്പ് നേരത്തെ വിലക്കിയിരുന്നു.

കയർ ഭൂവസ്ത്രം മാതൃകയിൽ പരിസ്ഥിതിക്ക് അനുകൂലമായി ഇതിന്റെ നടപടികൾ പൂർത്തിയാക്കുന്നതിന് വനം വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് എൻ.സി.സി. അധികൃതർ അറിയിച്ചു.

കൂടാതെ വനംവകുപ്പ് ഭൂമി അനുവദിച്ച് നൽകിയാൽ ഇതിന് ബദലായി ഈ പ്രദേശത്ത് ആയിരം വൃക്ഷത്തൈകൾ എൻ.സി.സി. കേഡറ്റുകളുടെ സഹായത്തോടെ നട്ട് സംരക്ഷിച്ച് വനം വകുപ്പിനെ ഏൽപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

വനംവകുപ്പ് നിയമ നടപടികൾ പൂർത്തിയാക്കിയാൽ കേരള പിറവി ദിനത്തിൽ തന്നെ വിമാനം സത്രത്തിൽ പറന്നിറങ്ങുമെന്ന് വാഴൂർ സോമൻ എം.എൽ.എ. പറഞ്ഞു.

അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. നൗഷാദ്, പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ഉഷ, എൻ.സി.സി. ഉദ്യോഗസ്ഥരായ കേണൽ പങ്കജ് പാൻഡേ, മേജർ രതീഷ്, സി.കെ.അജി, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.