കാഞ്ഞിരപ്പള്ളി: പാപ്പുവ ന്യൂഗിനിയിലെ ഐതപ്പെ കത്തോലിക്കാ രൂപതയുടെ മെത്രാനായി ഹെറാൾഡ്‌സ് ഓഫ് ഗുഡ് ന്യൂസ് സന്ന്യാസ സമൂഹാംഗവും കാഞ്ഞിരപ്പള്ളി രൂപതാംഗവുമായ ഫാ. സിബി മാത്യു പീടികയിൽ ഞായറാഴ്ച അഭിഷിക്തനാകും. രാവിലെ 9.30-ന് ഐതപ്പെ കത്തീഡ്രലിൽ നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷകൾക്ക് പോർട്ട് മെർസ്ബി ആർച്ച്ബിഷപ് കർദ്ദിനാൾ ജോൺ റിബാ മുഖ്യകാർമികത്വം വഹിക്കും. ഐതപ്പെ രൂപതയുടെ ആറാമത് മെത്രാനാണ് മാർ സിബി പീടികയിൽ.

രൂപതയിലെ പെരുവന്താനം അഴങ്ങാട് ഇടവകാംഗമായ മാർ സിബി പീടികയിൽ വൈദികപരിശീലനം പൂർത്തിയാക്കി 1995-ൽ വൈദികപട്ടം സ്വീകരിച്ചു. ആന്ധ്രാപ്രദേശിലെ കമ്മം സെന്റ് ജോസഫ് മേജർ സെമിനാരിയുടെ പ്രൊക്കുറേറ്ററും ആധ്യാത്മികകാര്യങ്ങളുടെ ചുമതലക്കാരനുമായി നിയമിതനായ അദ്ദേഹം 1998 മുതൽ 2004 വരെ പാപ്പുവ ന്യൂഗിനിയിൽ ശുശ്രൂഷചെയ്തു. പിന്നീട് 2014-ൽ പാപ്പുവ ന്യൂഗിനിയിലെത്തിയ അദ്ദേഹം വാനിമോ രൂപത വികാരി ജനറാൾ, വിവിധ സെമിനാരികളിൽ പ്രൊഫസർ എന്നീ നിലകളിൽ ശുശ്രൂഷ ചെയ്തുവരുകയാണ് ഐതപ്പെ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടിരിക്കുന്നത്. ഹെറാൾഡ്‌സ് ഓഫ് ഗുഡ് ന്യൂസ് പ്രൊവിൻഷ്യൽ സുപ്പീരിയറായി 2008 മുതൽ 2014 വരെ ശുശ്രൂഷചെയ്തു. പെരുവന്താനം പീടികയിൽ മാത്യു വർക്കിയുടെയും ഈഴോർമറ്റം കുടുംബാംഗം അന്നക്കുട്ടിയുടെയും മൂന്നാമത്തെ മകനാണ്.