കാഞ്ഞങ്ങാട്: ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി അഖിലേന്ത്യാ നേതാവുമായിരുന്ന എം.എസ്.റാവുത്തറുടെ സ്മരണാർഥം നൽകുന്ന സ്നേഹദീപം പുരസ്കാരം കാഞ്ഞങ്ങാട് ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കെ.എൻ.മാധുരിക്ക്. സ്കൂളിലെ മാതൃഭൂമി സീഡ് കോ ഒാർഡിനേറ്ററാണ്. വൈദ്യുതിയില്ലാത്ത നിർധനവിദ്യാർഥികളുടെ വീടുകൾ കണ്ടെത്തി വൈദ്യുതിവകുപ്പിന്റെയും സ്കൂൾ അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്താൻ മാധുരിക്ക്‌ കഴിഞ്ഞെന്നും അതുവഴി ഈ വീടുകളിൽ വൈദ്യുതിയെത്തിക്കാൻ സാധിച്ചെന്നും എം.എസ്.റാവുത്തർ സൗഹൃദവേദി പ്രസിഡന്റ് എ.ഷാഹുൽ ഹമീദ്, സെക്രട്ടറി രാഘവൻ കുളങ്ങര എന്നിവർ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം നാലിന് പിലിക്കോട് ഫൈൻ ആർട്‌സ് സൊസൈറ്റിയിൽ നടക്കുന്ന ചടങ്ങിൽ കണ്ണൂർ സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് പുരസ്കാരം വിതരണം ചെയ്യും.