കണ്ണൂർ: ഏറെ മുറവിളിക്കുശേഷം പ്രഖ്യാപിച്ച മലബാർ ദേവസ്വം ബോർഡ് ശമ്പളപരിഷ്കരണം ഇതേവരെ നടപ്പായില്ല. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്താണ് ശമ്പളം പരിഷ്കരിച്ച് ഉത്തരവിറക്കിയത്. കോവിഡ് പ്രതിസന്ധി കാരണം പുതുക്കിയ ശമ്പളം എന്ന് വിതരണം ചെയ്യുമെന്ന്് ഇനിയും വ്യക്തതയില്ല. ക്ഷാമബത്ത അനുവദിക്കുമ്പോഴുള്ള അനോമലിയിൽ തീരുമാനമെടുക്കുന്നതും വൈകി. ഇതിനായി കമ്മിറ്റി രൂപവത്‌കരിച്ചിരുന്നു. അവർ റിപ്പോർട്ട് നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല.

2008-ലാണ് മലബാർ ദേവസ്വം ബോർഡ് രൂപവത്കരിച്ചത്. 2009-ൽ ശമ്പളപരിഷ്കരണവും നടത്തി. പിന്നീടിങ്ങോട്ട് 12 വർഷത്തിനിടയിൽ മലബാർ ക്ഷേത്രജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചിട്ടില്ല. അതിനിടെ ദേവസ്വം പരിഷ്കരണ ബിൽ അടുത്തവർഷം ആദ്യം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ബോർഡ് ഭാരവാഹികൾ പറയുന്നു.

വരുമാനം കുറഞ്ഞ ക്ഷേത്രജീവനക്കാർക്ക് ബോർഡിന്റെ മാനേജ്‌മെന്റ് ഫണ്ടിൽനിന്ന്‌ ലഭിക്കുന്ന ശമ്പളവും ആറുമാസത്തോളമായി കുടിശ്ശികയാണ്. ചില ക്ഷേത്രജീവനക്കാർക്ക് 2021-ലെ ശമ്പളം പൂർണമായും ലഭിക്കാനുണ്ട്. പൊതുഫണ്ടും ഏകീകൃത സ്കീമും ഇല്ലാത്തതാണ് മലബാർ ദേവസ്വം ബോർഡിന്റെ പ്രധാന പ്രശ്നം. ഫീഡർ കാറ്റഗറി റൂൾ ഉണ്ടെങ്കിൽ മാത്രമേ ഏകീകൃത ശമ്പളം നൽകാനാവൂ. അക്കാര്യത്തിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ടാവും.

നിലവിൽ സർക്കാർ നേരിട്ടും സർക്കാർ ഫണ്ട്, മാനേജ്‌മെന്റ് ഫണ്ട് എന്നിവ ഉപയോഗിച്ചുമാണ് ക്ഷേത്രജീവനക്കാർക്ക് ശമ്പളം നൽകുന്നത്. കോവിഡ് രൂക്ഷമായതോടെ ക്ഷേത്രവരുമാനം തീരെയില്ലാതായി. പല ക്ഷേത്രങ്ങളും സ്വന്തം നിക്ഷേപഫണ്ടിൽനിന്നാണ് ശമ്പളം നൽകുന്നത്. നിലവിലെ ശമ്പളപരിഷ്കരണത്തെ തുടക്കത്തിൽ ധനവകുപ്പ് എതിർത്തിരുന്നു. ഇപ്പോൾ അവർ അനുമതി നൽകി.

ദേവസ്വം ബിൽ വരുന്നതോടെ ട്രസ്റ്റിമാരുടെ അധികാരം നാമമാത്രമാവും. ആചാരാനുഷ്ഠാനങ്ങൾക്കുള്ള അധികാരവും നിശ്ചിത ഓണറേറിയവും മാത്രമേ ലഭിക്കൂ. ട്രസ്റ്റിമാർ ഇത് അനുവദിക്കാൻ സാധ്യതയില്ല. അതിനിടെ ദേവസ്വം പരിഷ്കരണ ബിൽ ഉടൻ നിയമമാക്കുക, ശമ്പളപരിഷ്കരണം യാഥാർഥ്യമാക്കുക, ശമ്പള കുടിശ്ശിക പൂർണമായും കൊടുത്തുതീർക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്് മലബാർ ദേവസ്വം എംപ്ലോയീസ് കോൺഗ്രസും സ്റ്റാഫ് യൂണിയൻ ഐ.എൻ.ടി.യു.സി.യും സമരത്തിനൊരുങ്ങുകയാണ്.