തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമസമിതിയിൽ എത്തിച്ച ദിവസത്തെ സി.സി.ടി.വി. ദൃശ്യങ്ങളെല്ലാം നശിപ്പിച്ചെന്ന് ജീവനക്കാർ. ഈ കുഞ്ഞിനെ ലഭിക്കുന്നതുമുതൽ ദത്ത് നൽകുന്നതുവരെയുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം ജീവനക്കാരാണ് ശിശുക്ഷേമസമിതി പ്രസിഡന്റ് കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും പരാതി നൽകിയത്. സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെതിരേയാണ് പരാതി.

പേരുകൾെവച്ച് പരാതി നൽകാനാവാത്തതിനാൽ ജീവനക്കാരുടെ മൊത്തം പേരിലാണ് പരാതി നൽകുന്നതെന്നും ഇതിൽ പറയുന്നു. പുതിയകെട്ടിടം നിർമിക്കുന്നതിന്റെ മറവിൽ സി.സി.ടി.വി. ദൃശ്യങ്ങളെല്ലാം ഒഴിവാക്കിയെന്നാണ് പരാതി.

ജനറൽ സെക്രട്ടറിയുടെ ഏകപക്ഷീയ ഇടപെടലുകളാണ് ഇപ്പോൾ സർക്കാരിനും പാർട്ടിക്കും അവമതിപ്പുണ്ടാക്കിയതെന്നാണ് പ്രധാന ആരോപണം. കുഞ്ഞിനെ അനുപമയുടെ അച്ഛനടക്കം മൂന്നുപേർ ചേർന്ന് കൊണ്ടുവരുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിന് കൈമാറുകയും ചെയ്തുവെന്നാണ് ജീവനക്കാർ പറയുന്നത്.

ആൺകുഞ്ഞിനെ പെൺകുഞ്ഞാക്കി രജിസ്റ്ററിൽ എഴുതിച്ചു. ഇതെല്ലാം സമിതിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥയ്ക്ക് അറിയാം. വിവാദമായതോടെ അടുത്തദിവസം ഈ ഉദ്യോഗസ്ഥ തൈക്കാട് ആശുപത്രിയിൽ പോയി രജിസ്റ്റർ തിരുത്തുകയും പുതിയ ഒ.പി. ടിക്കറ്റ് വാങ്ങുകയുംചെയ്തു.

അനുപമ, കുഞ്ഞിന്റെ ഡി.എൻ.എ. പരിശോധന ആവശ്യപ്പെട്ടപ്പോൾ അതേദിവസം ലഭിച്ച മറ്റൊരു കുഞ്ഞിന്റെ ഡി.എൻ.എ. പരിശോധന നടത്തി കബളിപ്പിച്ചതിനെക്കുറിച്ചും അന്വേഷിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ശിശുേക്ഷമ സമിതി അധ്യക്ഷ എൻ. സുനന്ദയുടെ പങ്കും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയെ ലഭിച്ച രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ ബലിയാടാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും പരാതിയിൽ പറയുന്നു.