തൃശ്ശൂർ: സംസ്ഥാനത്ത് ഭവന, വിദ്യാഭ്യാസവായ്പകൾ കുത്തനെ കുറഞ്ഞപ്പോഴും മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാപദ്ധതിപ്രകാരം കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് ബാങ്കുകൾ വഴി 1676.49 കോടി രൂപ വായ്പ ലഭ്യമാക്കി. കോവിഡ്കാലത്ത് 1,78,657 അയൽക്കൂട്ടങ്ങളിലെ 20,80,450 പേർക്ക് പദ്ധതി പ്രയോജനപ്പെട്ടു.
വായ്പയുടെ പലിശയായ ഒൻപതുശതമാനം സർക്കാർ സബ്‌സിഡിയായി അനുവദിക്കും. മൂന്നുവർഷമാണ് തിരിച്ചടവ് കാലാവധി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തുക വായ്പ നൽകിയതും ഏറ്റവും കൂടുതൽപേർ പദ്ധതിയുടെ ഗുണഭോക്താക്കളായതും തൃശ്ശൂരിലാണ്. തൃശ്ശൂരിൽ 20,670 അയൽക്കൂട്ടങ്ങളിലെ 2,62,655 പേർക്കായി 185.1 കോടി രൂപ വായ്പയായി അനുവദിച്ചു. തിരുവനന്തപുരം ജില്ലയാണ് രണ്ടാംസ്ഥാനത്ത്. അവിടെ 1,82,39 അയൽക്കൂട്ടങ്ങളിലെ 2,34,487 പേർക്കായി 183.97 കോടി രൂപ വായ്പയായി അനുവദിച്ചു. മലപ്പുറമാണ് മൂന്നാംസ്ഥാനത്ത്. 20,604 അയൽക്കൂട്ടങ്ങളിലെ 2,52,475 പേർക്കായി 170.66 കോടി രൂപ വായ്പ അനുവദിച്ചു.
അയൽക്കൂട്ടങ്ങളിൽ രജിസ്റ്റർചെയ്ത അംഗങ്ങളുടെ എണ്ണം അനുസരിച്ച് ഒരു അയൽക്കൂട്ടത്തിന് പരമാവധി ഒരുലക്ഷം രൂപവരെയാണ് വായ്പ അനുവദിച്ചത്. ഇത് അർഹത അനുസരിച്ച് 5000 രൂപ മുതൽ 20,000 രൂപ വരെ ഒാരോ അംഗത്തിനും വീതിച്ച് അനുവദിച്ചു. മൊറൊട്ടോറിയം കാലാവധിക്കുശേഷം തുക കൃത്യമായി തിരിച്ചടയ്ക്കുന്ന അയൽക്കൂട്ടങ്ങൾക്ക് പലിശ അവരുടെ അക്കൗണ്ടുകളിലേക്കാകും ലഭിക്കുക.